Followers

Thursday, July 24, 2014

പഞ്ഞമാസത്തിലെ കഞ്ഞിക്കാലമാണ് കർക്കടകം


കർക്കടകം മഹാകള്ളനാണ്. കാറ്റും മഴയും ഇരുട്ടുമൊക്കെയാണ് അവന്റെ സന്തത സഹചാരികൾ. കാറ്റ് വന്ന് വിളക്ക് ഊതിക്കെടുത്തും. മഴ ആളെ മയക്കിക്കിടത്തും. ഇരുട്ട് കരിമ്പടപ്പുതപ്പ്മൂടി ഉറക്കും. അപ്പോൾ പഞ്ഞത്തിന്റെ കീറപ്പായുമായി കർക്കടകം വരും.
പഞ്ഞമാസത്തിലെ കഞ്ഞിക്കാലമാണ് കർക്കടകം. തോരാത്തമഴ. നിലയ്ക്കാത്ത കാറ്റ്. ഇരുൾ മൂടിയ അന്തരീക്ഷം. ജോലിക്കു പോകാൻ നിവൃത്തിയില്ല. തണുത്തുറഞ്ഞ അടുക്കള. തണുപ്പുമാറാത്ത ഉടുതുണി. അസഹ്യമായ വിശപ്പ്... ഇങ്ങനെ എല്ലാം കൊണ്ടും ദാരിദ്റ്യത്തിന്റെ കാലം.
പണ്ട് ഇന്നത്തെപ്പോലെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ചോറ് ഉണ്ണണമെങ്കിൽ ആദ്യം കൃഷിയിറക്കണം. സമയത്തിന് കളയെടുക്കണം, വളം ഇടണം. കൊയ്‌തെടുക്കണം. പിന്നെ, നെല്ല് നന്നായി ഉണക്കി പത്തായത്തിൽ കരുതണം. പത്തായത്തിൽ നിന്ന് നെല്ല് അളന്നെടുത്ത് ചെമ്പു കുട്ടുകത്തിലെ വെള്ളത്തിൽത്തട്ടി പുഴുങ്ങിയെടുക്കണം. പാകത്തിന് പുഴുങ്ങിയ നെല്ല് വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. പിന്നെ, ഉരലിലിട്ട് കുത്തിയെടുത്ത് മുറത്തിലിട്ട് പാറ്റി ഉമിയും തവിടും വേർതിരിക്കണം. തവിട് കുഴച്ച് കോഴിക്കുകൊടുക്കും. ഉമി കുറെശ്ശെയെടുത്ത് വിറകടുപ്പിനോട് ചേർന്ന് ദിവസവും തട്ടിവയ്ക്കും. അടുപ്പിലെ തീ അണയാതിരിക്കാനും അടുപ്പ് തണുക്കാതിരിക്കാനും പണ്ട് ഏതോ അമ്മ കണ്ടെത്തിയ സൂത്രമാവണം ഇത്. കുത്തിയെടുത്ത ചമ്പാവ് അരി കുതിർത്ത് അടുപ്പിലെ മൺകലത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് പതിയെ ഇടും. എന്നിട്ട് വേവിച്ച് ചോറാക്കും. ഒരുപിടി ചോറിനു പുറകിൽ ഇത്രയും അദ്ധ്വാനവും ആത്മസമർപ്പണവും അന്ന് ഉണ്ടായിരുന്നു.
എന്നാൽ, കർക്കടകമെത്തിയാൽ ഇതൊക്കെ തകിടംമറിയും. നെല്ലുകുത്താനും ചോറുവയ്ക്കാനുമൊന്നും വിറകില്ല എന്നതാണ് പ്രധാന പ്രശ്‌നം. വിറകു മുഴുവൻ മഴയത്ത് നനഞ്ഞിട്ടുണ്ടാവും. കരുതിവച്ചത് കത്തിത്തീർന്നിട്ടുമുണ്ടാവും. കർക്കടക മഴയെ മുമ്പിൽക്കണ്ട് ഉരക്കളത്തിൽ സൂക്ഷിച്ചിരിക്കുന്ന വിറകുകൊണ്ട് നെല്ല് വേവിച്ചെടുത്താലും ഉണക്കിയെടുക്കാൻ സൂര്യപ്രകാശമെവിടെ? പിന്നെ വീട്ടിനകത്തിട്ട് വാട്ടിയെടുക്കുകയേ നിവൃത്തിയുള്ളൂ. വീട്ടിനകത്തെ വലിയ മുറികളിൽ വേവിച്ച നെല്ല് കാറ്റേൽക്കാനായി വിരിച്ചിട്ടിരിക്കുന്നത് കാണാൻ നല്ല ചന്തമാണ്. വേനലിൽ കൊയ്തിട്ട ഞാറ്റടിപോലെ തോന്നും. മുറിയുടെ നെടുകെ ഒരു വലിയ വരമ്പ്. പിന്നെ, വശങ്ങളിലെ മുറികളിലേക്ക് ചെറു വരമ്പുകൾ. ഇവയ്ക്കിടയിൽ ഉണക്ക നെൽപ്പാടങ്ങൾ....
ഇങ്ങനെ ഉണക്കിയെടുത്ത അരി ചോറിനു കൊള്ളില്ല. അരി പൊടിഞ്ഞുപോകും. ചോറ് കുഴഞ്ഞുപോകും. അപ്പോൾ പിന്നെ കഞ്ഞിയേ നിവൃത്തിയുള്ളൂ. കഞ്ഞിയെന്നു പറഞ്ഞാൽ വെറും കഞ്ഞിയല്ല ഒന്നാംതരം കഞ്ഞിയാണ്. പൊട്ടിവിരിഞ്ഞ മുല്ലപ്പൂപോലെ ചോറ്. കോരിക്കുടിക്കാൻ കോട്ടിയെടുത്ത പച്ചപ്ലാവില. അനുചരന്മാരായി കാച്ചിയ പപ്പടവും മത്തങ്ങ എരിശ്ശേരിയും. ഇതെല്ലാംകൂടിചേർന്ന് ഒരു ജുഗൽ ബന്ദി! അതോടെ കർക്കടകത്തിന്റെ കാറ്റുപോകും മഴയുടെ തൂറ്റലും പോകും. കർക്കടകവും കഞ്ഞിയും തമ്മിലുള്ള ഏക 'ഉദര" ബന്ധം ഇതാണ് എന്നാണ് എന്റെ വിശ്വാസം.
എന്നാൽ, പഞ്ഞമാസത്തിൽ ഈ ബന്ധം പലർക്കും പിടിച്ചാൽ പിടികിട്ടില്ല. ചോർന്നൊലിക്കുന്ന വീട്ടിൽ, തണുത്തുറഞ്ഞ മുറിയിൽ, ഒഴിഞ്ഞ കീശയും കത്തിക്കയറുന്ന വയറുമായി എത്രയോ കുടുംബങ്ങൾ അന്നുണ്ടായിരുന്നു. ദിവസക്കൂലികൊണ്ട് ജീവിതത്തെ ഒറ്റയടിപ്പാതയിലൂടെ നടത്തിക്കൊണ്ടുപോയവർ! കർക്കടകത്തിന്റെ കനത്ത കൊടുങ്കാറ്റിലും ജീവിതവെളിച്ചത്തെ കെടാതെ നെഞ്ചോട് അടക്കിപ്പിടിച്ചവർ. അവർക്ക് ഒന്നും കരുതിവയ്ക്കാനായില്ല, ദാരിദ്റ്യമല്ലാതെ.
അന്നൊന്നും ദിവസക്കൂലിക്കാരന് വലുതായിട്ടൊന്നും കിട്ടിയിരുന്നില്ല. കൊയ്യാൻ പോയാൽ നെല്ലായിരുന്നു കൂലി. തേങ്ങവെട്ടുകാരന് തേങ്ങയും പുളിയടിക്കുന്നവന് പുളിയുമൊക്കെത്തന്നെ കൂലി. അതുകൊണ്ട് വീട്ടുകാര്യങ്ങൾ നടക്കും എന്നല്ലാതെ സമ്പാദ്യമൊന്നുമില്ലായിരുന്നു. പക്ഷെ സന്തോഷമുണ്ടായിരുന്നു.
തകർത്തുപെയ്യുന്ന മഴയത്ത് തണുത്തുവിറച്ച്, തലയിൽ തുണിയുമിട്ട് സ്ത്രീകൾ വീടിന്റെ അടുക്കളഭാഗത്ത് വന്നു നിൽക്കും. അരിവേണം, വിറകുവേണം, തേയിലവേണം, പഞ്ചസാരവേണം..... അതെല്ലാം അമ്മ നിർബാധം വാരിക്കൊടുക്കും. അപ്പോൾ ചിലർ മുഷിഞ്ഞ കള്ളിമുണ്ടിന്റെ മടിയഴിച്ച് രണ്ട് കോഴിമുട്ടയെടുത്ത് പകരം നൽകും. ഇതിനൊന്നും ആരും കണക്കുവയ്ക്കുകയോ, കടം പറയുകയോ ചെയ്തിരുന്നില്ല. ഔദാര്യത്തിനും അവകാശത്തിനുപ്പുറം കടമായിട്ടായിരുന്നു എല്ലാവരും അതിനെ കണ്ടിരുന്നത്.
പറമ്പിന്റെ വടക്കേയറ്റത്തായി ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. അതിന്റെ ഒരു പ്രത്യേകത വർഷത്തിൽ അധികകാലവും പൂക്കാതെ, കായ്ക്കാതെ നിർഗുണനായി നിൽക്കും. എന്നാൽ കർക്കടകമായാൽ പതിയെ അതിൽ പുത്തൻ ഇല വരും, പൂവ് വരും, കായ് വരും. അത് പലർക്കും വലിയ സഹായകമായിരുന്നു. പഞ്ഞകാലത്ത് ഒരു വലിയ പപ്പായ തന്നെ ധാരാളം. ചിലർ അതിനെ കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് തോരൻ വയ്ക്കും. മറ്റു ചിലർ നെടുകെ പിളർന്ന് തേങ്ങ ചിരകുന്നതുപോലെ ചിരകി കറിവയ്ക്കും. മറ്റു ചിലർക്ക് ഇഷ്ടം പപ്പായ എരിശേരിയാണ്.
പറമ്പു കിളയ്ക്കാൻ വരുന്നവർ ഉറക്കം തൂങ്ങി നിൽക്കുന്ന ഈ പപ്പായ മരത്തെ വെട്ടിക്കളയണമെന്ന് പറയുമ്പോഴൊക്കെ ഒരു വലിയ പ്രതിരോധമതിൽ അതിനുചുറ്റും അമ്മ തീർക്കുമായിരുന്നു. അതിനു കാരണം കർക്കടകത്തിലെ പഞ്ഞമാണെന്ന് കുറച്ചുകാലം കഴിഞ്ഞാണ് എനിക്കു മനസ്സിലായത്. പഞ്ഞകാലത്ത് ഒരു വലിയ തോട്ടികെട്ടി പപ്പായ മരത്തിനടുത്തു തന്നെ വച്ചിട്ടുണ്ടാവും. ആവശ്യക്കാർ ആവശ്യംപോലെ പപ്പായ തള്ളിയിട്ടുകൊണ്ടുപോയി. കറിവച്ചു കഴിച്ചു.
അമ്മയുടെ സംരക്ഷണയിൽ വളർന്ന ആ പപ്പായ കാറ്റത്ത് ഒടിഞ്ഞുവീണതും ഒരു കർക്കടകത്തിനായിരുന്നു. എല്ലാത്തവണത്തെക്കാൾ ആ പ്രാവശ്യം നിറയെ കായ്ച്ചു. വലിയ ഇലകൾ വിടർത്തി നാട്ടുകാരെ മുഴുവൻ മാടി വിളിച്ചു. അവർ എത്തിയപ്പോൾ ആഹ്‌ളാദം കൊണ്ട് നില തെറ്റിപ്പോയി പാവത്തിന്. അതുകണ്ടുനിന്ന നാട്ടുകാരുടെ മ്ലാനമായ മുഖം എന്റെ മനസിൽ ഇപ്പോഴുമുണ്ട്. ആപത്തുകാലത്തെ അവസാന ആശ്രയവും അടി തെറ്റി വീണുകിടക്കുന്നതു കണ്ടപ്പോൾ അവരുടെ മനസ് പിടഞ്ഞുപോയിട്ടുണ്ടാവും.
അവസാന വീഴ്ചയിലും അത്താഴമൊരുക്കി ആ പപ്പായ മരം അങ്ങനെ പോയി. പ്രകൃതി ഇങ്ങനെയാണ് ഓരോ നിമിഷവും മനുഷ്യനായി ഒരുപാട് കാത്തു വയ്ക്കുന്നു. എന്നാൽ പകരം നമ്മൾ നൽകുന്നതോ?... കർക്കടകം ഇപ്പോൾ പഞ്ഞകാലല്ല. കിഴിവിന്റെയും കഞ്ഞിയുടെയും കാലമാണ്. ആടിക്കിഴിവും കർക്കടകക്കഞ്ഞിക്കിറ്റും ചികിത്സയുമൊക്കെയായി കർക്കടകം ആഘോഷമാക്കുകയാണ്. രാമായണത്തിന് പ്രത്യേകം ഡിസ്‌കൗണ്ടും ഉണ്ട്.
അപ്പോഴും നമ്മൾ കാണാതെ പോകുന്ന ഒന്നുണ്ട്, കഴിഞ്ഞകാലത്തിന്റെ പൊഴിഞ്ഞ കണ്ണീർ!

No comments:

Post a Comment