Followers

Thursday, July 17, 2014

ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനെന്ന നിലയില്‍ ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ എന്ന് തന്നെ അദ്ദേഹം അറിയപ്പെട്ടു മലയാള സിനിമാമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് 2012ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

പരേതയായ ത്രേസ്യാമ്മയാണ് ഭാര്യ. മൂന്നു മക്കള്‍: ഉഷാ തോമസ്, പരേതനായ ജോര്‍ജ് ജോണ്‍, ഷീല റോബിന്‍

ലോക സിനിമയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ചിത്രം സംവിധാനം ചെയ്യുക, ഒരേ താരത്തെ അഭിനേതാവാക്കി കൂടുതല്‍ ചിത്രം ചെയ്യുക, ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രം ചെയ്യുക, ഒരേ താരജോഡികളെ ഉപയോഗിച്ച് കൂടുതല്‍ ചിത്രം ചെയ്യുക എന്നിങ്ങനെ അപൂര്‍വ്വ നേട്ടങ്ങളുടെ ഉടമയാണ് ശശികുമാര്‍.

മലയാള സിനിമയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തിയാണ് ശശികുമാര്‍. ഇതില്‍ ഭൂരിഭാഗവും മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്.

1928 ഒക്‌ടോബര്‍ 14 നാണ് നമ്പിയത്തുശ്ശേരി വര്‍ക്കി ജോണ്‍ എന്ന എന്‍ വി വര്‍ക്കി അഥവ ഇന്ന് സിനിമാലോകം അറിയുന്ന ശശികുമാറിന്റെ ജനനം. 37 കൊല്ലം മലയാള സിനിമയുടെ നെടുംതൂണായിരുന്നു ശശികുമാര്‍. പഠനത്തിനൊപ്പം നാടകവും ഫുട്‌ബോളൊക്കെയായിട്ടായിരുന്നു കലാരംഗത്ത് തുടക്കം. കോളജ് വിദ്യാഭ്യാസത്തിനിടെ അമേച്വര്‍ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു.

ജയഭാരതി, ജഗതി, വിന്‍സെന്റ്, കുഞ്ചന്‍, വിജയശ്രീ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി പ്രതിഭകളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ശശികുമാറായിരുന്നു.

1060ല്‍ പുറത്തിറങ്ങിയ ഒരാള്‍ കൂടി കള്ളനായി ആണ് ആദ്യ ചിത്രം. കുടുംബിനി, തൊമ്മന്റെ മക്കള്‍, ബാല്യകാലസഖി, വിദ്യാര്‍ഥി, വെളുത്ത കത്രീന, ലവ് ഇന്‍ കേരള, റസ്റ്റ്ഹൗസ്, ബോബനും മോളിയും, ലങ്കാദഹനം, പുഷ്പാഞ്ജലി, മറവില്‍ തിരിവ് സൂക്ഷിക്കുക, ബ്രഹ്മചാരി, പഞ്ചവടി, പത്മവ്യൂഹം, തെക്കന്‍കാറ്റ്, ദിവ്യദര്‍ശനം, സേതുബന്ധനം, പഞ്ചതന്ത്രം, സിന്ധു, ചട്ടമ്പിക്കല്ല്യാണി, സിന്ധു, ആലിബാബയും 41 കള്ളന്മാരും, പത്മരാഗം, ആര്യാകണ്ഡം, പിക്‌നിക്ക്, പ്രവാഹം, തുറുപ്പുഗുലാന്‍, രണ്ടു ലോകം, മിനിമോള്‍, വിഷുക്കണി, അപരാജിത, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ജയിക്കാനായി ജനിച്ചവന്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപ്പക്കി, നാഗമഠത്തു തമ്പുരാട്ടി, കോരിത്തരിച്ച നാള്‍, മദ്രാസിലെ മോന്‍, ജംബുലിംഗം, പോസ്റ്റ്‌മോര്‍ട്ടം, യുദ്ധം, ചക്രവാളം ചുവന്നപ്പോള്‍, ആട്ടക്കലാശം, ഇവിടെ തുടങ്ങുന്നു, സ്വന്തമെവിടെ ബന്ധമെവിടെ, പത്താമുദയം, മകന്‍ എന്റെ മകന്‍, എന്റെ കാണാക്കുയില്‍, അഴിയാത്ത ബന്ധങ്ങള്‍, ഇനിയും കുരുക്ഷേത്രം, അകലങ്ങളില്‍, ശോഭരാജ്, കുഞ്ഞാറ്റക്കിളികള്‍, മനസ്സിലൊരു മണിമുത്ത്, നാഗപഞ്ചമി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്.

No comments:

Post a Comment