Followers

Monday, July 7, 2014

പെരുമൺ ദുരന്തത്തിന് 26 വയസ്; അപകടകാരണം ഇന്നും അജ്ഞാതം


കൊല്ലം: അപകടകാരണം അജ്ഞാതമായി തുടരുന്ന പെരുമൺ ട്രെയിൽ ദുരന്തത്തിന് നാളെ 26 വയസ്. 1988 ജൂലായ് 8ന് ഉച്ചയ്ക്കാണ് ഐലൻഡ് എക്സ്‌പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിൽ വീണ് 105 പേർ മരിച്ചത്. ഇരുനൂറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേക്ക് ആയില്ലെന്നത് മറ്റൊരു ദുരന്തം.


 അപകട കാരണം അജ്ഞാതം
റെയിൽവേയുടെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ, ട്രെയിൻ പാളം തെറ്റിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലെ കണ്ടെത്തൽ  ചുഴലിക്കാറ്റ് (ടൊർണാഡോ) അടിച്ച് ട്രെയിൻ ബോഗികൾ കായലിൽ വീണെന്നായിരുന്നു!. പാർലമെന്ററി കാര്യസമിതിയുടെ അന്വേഷണത്തിൽ പ്രകൃതിക്ഷോഭം മൂലമല്ല അപകടമെന്ന് വ്യക്തമായി. അമിതവേഗത്തിലെത്തിയ ട്രെയിൻ പെരുമൺ പാലത്തിന് മുകളിൽ പെട്ടെന്ന് നിൽക്കുകയും പത്ത് ബോഗികൾ കായലിൽ വീണെന്നുമാണ് അന്ന് നാട്ടുകാർ പറഞ്ഞത്. രാവിലെ മുതൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നുവെന്നും ഇടയ്‌ക്ക് പണി നിറുത്തി ജോലിക്കാർ സിഗ്നൽ സ്ഥാപിക്കാതെ ചായ കുടിക്കാൻപോയപ്പോഴാണ് ട്രെയിൻ വന്നതും കായലിൽ വീണതെന്നും സമീപവാസികൾ പറഞ്ഞിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികൾ റെയിൽവേ അംഗീകരിച്ചിട്ടില്ല.


 കാരണം അന്വേഷിക്കാൻ ഹർജി
2013ൽ പെരുമൺ ദുരന്തവാർഷികാചരണ വേളയിൽ അപകടത്തിന്റെ യഥാർത്ഥ കാരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊല്ലം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അഡ്വ. വൈശനഴികം വി. വജ്രമോഹൻ ഹർജി
നൽകിയിരുന്നു. കോടതി സംഭവം അന്വേഷിക്കാൻ കൊല്ലം ഈസ്റ്റ് പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് അഞ്ച് റെയിൽവേ ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുത്തു. കേസിൽ നിന്നൊഴിവാക്കാൻ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചതായി സൂചനയുണ്ടെന്ന് അഡ്വ. വജ്രമോഹൻ പറയുന്നു.


 പാലിക്കാത്ത വാഗ്ദാനങ്ങൾ
മരിച്ച ചിലരുടെ ആശ്രിതർക്കും പരിക്കേറ്റ ചിലർക്കും റെയിൽവേ ഇനിയും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രക്ഷാപ്രവർത്തനം നടത്തിയവരിൽ ചിലർക്ക് ജോലി നൽകാമെന്ന വാഗ്ദാനവും പാലിച്ചില്ല. അപകടസ്ഥലത്ത് നാട്ടുകാർ സ്ഥാപിച്ച സ്തൂപം പല സ്ഥലങ്ങളിലേക്ക് മാറ്റിയ റെയിൽവേ അധികൃതർ, പ്രിയപ്പെട്ടവർക്ക് സ്‌മാരകം സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന ബന്ധുക്കളുടെ അഭ്യർത്ഥനയും അവഗണിച്ചു. ദുരന്തത്തിൽ എന്നെന്നേക്കുമായി നഷ്ടമായ ഉറ്റവർക്ക് കണ്ണീർപുഷ്പങ്ങൾ അർപ്പിക്കാൻ ബന്ധുക്കൾ നാളെ പെരുമൺ ദുരന്ത സ്തൂപത്തിന് സമീപം ഒത്തുചേരും.

No comments:

Post a Comment