Followers

Sunday, July 6, 2014

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ അങ്കമാലിക്കും കാക്കനാട്ടേക്കും


കൊച്ചി: രണ്ടാം ഘട്ടത്തില്‍ മെട്രോ അങ്കമാലിയിലേക്കും കാക്കനാട്ടേക്കും നീട്ടാന്‍ തീരുമാനം. ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അടുത്ത മാസം തയ്യാറാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമാണ് മെട്രോ നീട്ടാന്‍ ഉദ്ദേശിക്കുന്നത്.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഡിപ്പോയില്‍ മെട്രോയ്ക്ക് ഒരു സ്‌റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.അങ്കമാലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും കാക്കനാട് നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്കും മെട്രോ റൂട്ട് നീളും. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) സഹകരണമുണ്ടെങ്കില്‍ മാത്രമേ നെടുമ്പാശ്ശേരിയിലേക്കുള്ള റൂട്ട് ദീര്‍ഘിപ്പിക്കലുമായി മുന്നോട്ട് പോകൂ എന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ഒന്നാം ഘട്ടത്തിന് അനുബന്ധമായി തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷനിലേക്ക് മെട്രോയുടെ റൂട്ട് നീട്ടുന്നുണ്ട്. ആദ്യം ആലുവ മുതല്‍ പേട്ട വരെയാണ് മെട്രോ വിഭാവനം ചെയ്തിരുന്നത്. നാട്ടുകാരുടെ തുടര്‍ച്ചയായ ആവശ്യം കണക്കിലെടുത്ത് ഇത് രണ്ട് കിലോമീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് എസ്.എന്‍. ജംഗ്ഷന്‍ വരെയാക്കി.

ഇതിനുശേഷം അങ്കമാലി, കാക്കനാട് വികസനത്തിനൊപ്പം തൃപ്പൂണിത്തുറ ഡിപ്പോയില്‍ ഒരു സ്‌റ്റേഷന്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസിന്റെ (റൈറ്റ്‌സ്) നേതൃത്വത്തിലാണ് രണ്ടാം ഘട്ടത്തെക്കുറിച്ച് പഠിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് അന്തിമ ഘട്ടത്തിലാണ്.

ആഗസ്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് റൈറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് രണ്ടാം ഘട്ട വികസനത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വികസനം പ്രായോഗികമായിരിക്കണമെന്ന നിര്‍ദേശം ബോര്‍ഡ് മുന്നോട്ട്‌ െവച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെയുള്ള പ്രാഥമിക പഠനങ്ങളുെട അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടത്തിന്റെ റൂട്ട് തീരുമാനിച്ചത്.

മെട്രോയ്‌ക്കൊപ്പം ഹൈടെക് ഫീഡര്‍ ബസ്സും


മെട്രോയുടെ അനുബന്ധ ഗതാഗത സംവിധാനമായി ഹൈടെക് ഫീഡര്‍ ബസ്സുകള്‍ ഏര്‍പ്പെടുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) പദ്ധതി. കൊച്ചി മെട്രോയുടെ അതേ നിറത്തില്‍ ആകര്‍ഷകമായ സംവിധാനങ്ങളോടെയായിരിക്കും ബസ്സുകള്‍ നിരത്തിലിറക്കുക. ബസ് എവിടെ എത്തിയെന്ന് മൊബൈലില്‍ അറിയാന്‍ കഴിയുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഈ ബസ്സുകളിലുണ്ടാകും. മെട്രോ സര്‍വീസ് ലഭ്യമല്ലാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യം സര്‍വീസ് തുടങ്ങുക.

മെട്രോയിലും ഈ ബസ്സുകളിലും യാത്ര ചെയ്യുന്നതിന് ഒരു ടിക്കറ്റ് മതിയാകും. ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ഉംട്ട) യുെട ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ബസ്സുകള്‍ നിരത്തിലിറക്കാനാണ് കൊച്ചി മെട്രോ റെയില്‍ വിഭാവനം ചെയ്യുന്നത്.

No comments:

Post a Comment