Followers

Saturday, July 5, 2014

കൊളംബിയ ആക്രമിക്കാന്‍ മറന്നു; ബ്രസീല്‍ കത്തിക്കയറി


ഫോര്‍ട്ടലെസ: കറുത്ത കുതിരകളെന്നായിരുന്നു കൊളംബിയയക്ക് ചാര്‍ത്തിയ മുദ്ര. എന്നാല്‍, കുതിരകള്‍ ഉണരാന്‍ വൈകി. പലപ്പോഴും ചത്ത കുതിരികളെപ്പോലെയായി. അട്ടിമറി ഭീതി നിഴലിട്ട ബ്രസീല്‍ ഈ സാഹചര്യം മുതലെടുത്ത് സര്‍വം മറന്ന് ആക്രമിച്ചു. പതിനൊന്നാം സെമിഫൈനിലേയ്ക്കുള്ള വഴിവെട്ടി. 2002നുശേഷം ഇതാദ്യമായാണ് ബ്രസീല്‍ ലോകകപ്പ് സെമി കളിക്കുന്നത്. സ്‌കോര്‍ 2-1.

അയല്‍ക്കാരുടെ ലാറ്റിനമേരിക്കന്‍ വീറ് പ്രതീക്ഷിച്ചവരെ കൈയാങ്കളി കൊണ്ട് ഞെട്ടിക്കുകയായിരുന്നു ബ്രസീലും കൊളംബിയയും. മൊത്തം 54 ഫൗളുകളാണ് 95 മിനിറ്റ് നേരം നീണ്ട കളിയില്‍ കണ്ടത്. ഇതില്‍ ആതിഥേയരായ ബ്രസീല്‍ തന്നെ 31 തവണയാണ് എതിരാളികളെ വീഴ്ത്തിയത്. 23 ഫൗളുകളായിരുന്നു കൊളംബിയയുടെ സംഭാവന. രണ്ടു ടീമുകളിലെയും രണ്ടു കളിക്കാര്‍ വീതം മഞ്ഞ കാര്‍ഡ് കണ്ടു. ഇതില്‍ ബ്രസീല്‍ ഗോളി ജൂലിയോ സെസാറും ഉള്‍പ്പെടും. മഞ്ഞ കണ്ട ബ്രസീലിയന്‍ നായകന്‍ തിയാഗോ സില്‍വയ്ക്ക് ജര്‍മനിക്കെതിരായ സെമിഫൈനല്‍ കളിക്കാനും കഴിയില്ല. കൊളംബിയയുടെ സുനിഗയുടെ ഫൗളില്‍ നടുവില്‍ ഗുരുതരമായി പരിക്കേറ്റ നെയ്മറെ 88-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ നിന്ന് എടുത്തു കൊണ്ടുപോകേണ്ടിവന്നു. കൊളംബിയക്കാരുടെ പ്രധാന ലക്ഷ്യം നെയ്മറായിരുന്നെങ്കില്‍ ഗോളടിയന്ത്രം ഹാമെസ് റോഡ്രിഗസായിരുന്നു ബ്രസീലുകാരുടെ ക്രൂരതയുടെ ഇര. റോഡ്രിഗസിനെതിരായ കണ്ണില്‍ ചോരയില്ലാത്ത ഫൗളിന് ബ്രസീലിന്റെ ഫെര്‍ണാന്‍ഡിന്യോ കാര്‍ഡ് വാങ്ങാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

കൊളംബിയയുടെ ആക്രമണശൈലിയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന ബ്രസീല്‍ പ്രതിരോധക്കോട്ട ശക്തമാക്കുന്നതിന് പകരം കിക്കോഫ് മുതല്‍ തന്നെ ആക്രമിക്കുന്ന തന്ത്രമാണ് പുറത്തെടുത്തത്. ഇത് ശരിക്കും ഫലപ്രദമാവുകയും ചെയ്തു. ബ്രസീലിയന്‍ ആക്രമണത്തിരമാല കണ്ടു അന്തംവിട്ടുപോയ കൊളംബിയക്ക് ടൂര്‍ണമെന്റിലുടനീളം കണ്ട അവരുടെ സ്വാഭാവികമായ താളം നഷ്ടപ്പെട്ടു. ഹാമെസ് റോഡ്രിഗസ് എന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ വെറും കാഴ്ചക്കാരനായി. അപാരമായ പന്തടക്കവും വേഗവും സ്‌കോറിങ് പാടവവും കൈമുതലായ റോഡ്രിഗസിനെ ശാരീരികമായി തന്നെ തടയുക എന്ന തന്ത്രവും ബ്രസീല്‍ ഫലപ്രദമായി നടപ്പാക്കി. സ്പാനിഷ് റഫറി പല നഗ്‌നമായ ഫൗളുകള്‍ക്ക് നേരെയും കണ്ണടച്ചത് ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

അതേസമയം ആക്രമിക്കാനെന്നപോലെ കൊളംബിയ മധ്യനിരയില്‍ പ്രതിരോധിക്കാനും മറന്നുപോയതോടെ ബ്രസീലിന് കാര്യങ്ങള്‍ എളുപ്പമായി. പരിക്കുമായി വലയുന്ന നെയ്മര്‍ വെറുമൊരു നിഴലായിരുന്നെങ്കിലും അവരുടെ മുന്നേറ്റങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. ഹള്‍ക്കായിരുന്നു പ്രധാന ആക്രമണകാരി. വിംഗില്‍ ഡേവിഡ് ലൂയിസിന് പകരം വന്ന മൈക്കണും മിന്നലോട്ടങ്ങളിലൂടെ കൊളംബിയന്‍ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.

ആറാം മിനിറ്റില്‍ നെയ്മറുടെ ഒരു മുന്നേറ്റം തടയാനുള്ള ശ്രമമാണ് കൊളംബിയക്കെതിരെ ആദ്യ ഗോളിനുള്ള വഴി തെളിച്ചത്. തുടര്‍ന്ന് നെയ്മര്‍തന്നെ തൊടുത്ത കോര്‍ണര്‍ പന്ത് ബോക്‌സിലേയ്ക്ക് അപകടകരമായി താഴ്ന്നു പറന്നു വരുമ്പോള്‍ ബ്രസീലിയന്‍ താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതില്‍ കൊളംബിയന്‍ പ്രതിരോധം വരുത്തിയ വീഴ്ചയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യം ഫ്രെഡിന് കിട്ടാതിരുന്ന പന്ത് ബോക്‌സിന് മുന്നില്‍ തക്കം പാര്‍ത്തുനിന്ന തിയാഗോ സിയല്‍വ വട്ടംപിടിച്ച സാഞ്ചസില്‍ നിന്ന് കുതറി മാറിയാണ് മുട്ടുകൊണ്ട് വലയിലേയ്ക്ക് തട്ടിയിട്ടത്. ഏറെക്കുറെ അനായാസമായ ഗോള്‍.

തുടക്കത്തില്‍ തന്നെ വഴങ്ങേണ്ടിവന്ന ഗോള്‍ ശരിക്കും കൊളംബിയയുടെ താളം തെറ്റിച്ചു. ഇത് മുതലാക്കി ബ്രസീല്‍ ശരിക്കും അവരെ തുടര്‍ച്ചയായ ആക്രമണം കൊണ്ട് മുക്കിക്കളഞ്ഞു. തുറന്നു കിടന്ന മിഡ്ഫീല്‍ഡിലൂടെ ഹള്‍ക്കിനും നെയ്മര്‍ക്കുമെല്ലാം ഇഷ്ടം പോലെ ഓടിയിറങ്ങാനായി. തടിമിടുക്ക് കൊണ്ട് ബോക്‌സിലേയ്ക്ക് തള്ളിക്കയറാന്‍ കഴിഞ്ഞ ഹള്‍ക്കിനാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഇരുപതാം മിനിറ്റില്‍ നെയ്മറുടെ ഒരു പാസ് സ്വീകരിച്ച് ബോക്‌സിലേയ്ക്ക് ഇരച്ചുകയറിയെത്തി ഹള്‍ക്ക് തൊടുത്ത ഷോട്ട് ഉജ്വലമായാണ് കൊളംബിയ ഗോളി ഒസ്പിന തടഞ്ഞത്. 27-ാം മിനിറ്റില്‍ ലഭിച്ച അവസരം പന്ത് നിയന്ത്രിക്കാന്‍ കഴിയാതെയാണ് ഹള്‍ക്ക് നഷ്ടപ്പെടുത്തിയത്. തൊട്ടടുത്ത മിനിറ്റില്‍ ഹള്‍ക്ക് ഇടതു പാര്‍ശ്വത്തില്‍ പോസ്റ്റിനോട് ചേര്‍ന്ന് മറ്റൊരു ബുള്ളറ്റ് കൂടി പായിച്ചെങ്കിലും ഓസ്പിന വീണ്ടും അത്ഭുതം കാട്ടി.

ഹാമെസ് റോഡ്രിഗസും ഗ്യൂട്ടിരെസും നിറംമങ്ങിപ്പോയതാണ് കൊളംബിയയുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. റോഡ്രിഗസിന് ബ്രസീലിയന്‍ ടാക്ലിങ്ങില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞത് ഒന്നോ രണ്ടോ തവണ മാത്രം. അപ്പോഴൊക്കെ ബ്രസീലിയന്‍ ഗോള്‍മുഖത്ത് മരണം മണത്തുവെന്ന വേറെ കാര്യം. പത്താം മിനിറ്റില്‍ ക്വാഡ്രാഡോ ഒരു നല്ല ഷോട്ട് പായിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ ബ്രസീല്‍ ഗോളി സെസാര്‍ വിരളമായേ പരീക്ഷിക്കപ്പെട്ടുള്ളൂ. 21-ാം മിനിറ്റിലാണ് ഹാമെസ് റോഡ്രിഗസ് നല്ലൊരു നീക്കത്തിന് തുടക്കം കുറിച്ചത്. ഇതാവട്ടെ ക്വാഡ്രാഡോ കളഞ്ഞുകുളിക്കുകയും ചെയ്തു. റാമോസും ബാക്കയും ഇറങ്ങിയതോടെയാണ് അവരുടെ ആക്രമണം ജീവന്‍വച്ചത്. എന്നാല്‍, അതിന് ബ്രസീല്‍ രണ്ടു ഗോളടിച്ച് വിജയം ഉറപ്പിക്കേണ്ടിവന്നു എന്നതാണ് കഷ്ടം. റോഡ്രിഗസിന്റെ ഒരു ഫ്രീകിക്ക് സൃഷ്ടിച്ച കൂട്ടപ്പൊരിച്ചിലിനിടെ ക്യാപ്റ്റന്‍ യെപെസ് പന്ത് കഷ്ടിച്ച് വലയില്‍ കയറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതിന്റെ നീരസം ഒഴിയും മുന്‍പായിരുന്നു രണ്ടാം കൊളംബിയക്ക് രണ്ടാം ഗോള്‍ വഴങ്ങേണ്ടിവന്നത്. 30 വാര അകലെ നിന്നെടുത്ത ഒരു ഫ്രീകിക്ക് കരിയില കിക്കുപോലെ ഡൈവ് ചെയ്ത ഗോളി ഒസ്പിനയുടെ ഗ്ലൗസിനെ ഉമ്മവെച്ച് നെറ്റില്‍. കൊളംബിയയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച അവിസ്മരണീയമായ ഗോള്‍.

എന്നാല്‍, ഗ്യൂട്ടിരെസിന് പകരം ബാക്കയെ ഇറക്കിയതോടെ കൊളംബിയന്‍ ആക്രമണത്തിന്റെ സ്വാഭാവം മാറി. വലതു വിംഗിലൂടെ ബാക്ക് ഒന്നാന്തരം നീക്കങ്ങള്‍ നടത്തിയതോടെ ബ്രസീല്‍ പ്രതിരോധത്തിലേയ്ക്ക് വലിഞ്ഞു. ബാക്കയുടെ ഇത്തരത്തിലുള്ള ഒരു മുന്നേറ്റം തടയാനുള്ള ജൂലിയംാ സെസാറിന്റെ ശ്രമമാണ് അവര്‍ക്ക് ആശ്വാസഗോള്‍ സമ്മാനിച്ചത്. ഡൈവ് ചെയ്ത സെസാര്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ബാക്കയെ കാലു കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. റഫറിക്ക് പെനാല്‍റ്റി വിധിക്കാനും സെസാറിന് മഞ്ഞ കൊടുക്കാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. റോഡ്രിഗസ് എടുന്ന കിക്കിന് മുന്നില്‍ സെസാര്‍ക്ക് ഒന്നുംതന്നെ ചെയ്യാനുണ്ടായിരുന്നില്ല.

കൊളംബിയ ക്വാഡ്രാഡോയ്ക്ക് പകരം അതിവേഗക്കാരനായ ക്വിന്റെറോയെ കൊണ്ടുവന്നതോടെ മത്സരം അവരുടെ വരുതിയിലായി. എന്നാല്‍, ലക്ഷ്യം നേടാന്‍ മാത്രം കഴിഞ്ഞില്ല.

No comments:

Post a Comment