Followers

Thursday, July 17, 2014

ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ നേതൃത്വം ഇന്ത്യയ്ക്ക്


ഫോര്‍ട്ടലേസ (ബ്രസീല്‍): ലോകബാങ്കിന് ബദലായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്ന പുതിയ വികസനബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യയ്ക്ക്. ചൈനയിലെ ഷാങ്ഹായി ആസ്ഥാനമായി നിലവില്‍വരുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ആറുവര്‍ഷം നേതൃത്വം നല്‍കുക ഇന്ത്യയായിരിക്കും. ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ ബ്രിക്‌സ് ഉച്ചകോടിയിലാണ് തീരുമാനം.

'ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്' എന്ന പേരില്‍ പതിനായിരം കോടി ഡോളര്‍ ക്രയശേഷിയുള്ള പുതിയ വികസനബാങ്കും അത്ര തന്നെ തുകയുടെ കരുതല്‍നിധിയും രൂപീകരിക്കന്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ചൊവ്വാഴ്ചയാണ് തീരുമാനിച്ചത്. ബാങ്കിന്റെ ആസ്ഥാനവും നേതൃത്വവും പിന്നീട് തീരുമാനിക്കുകയായിരുന്നു.

ലോകജനസംഖ്യയുടെ 40 ശതമാനത്തിന്റെ പിന്തുയുള്ള, സാമ്പത്തിക വ്യവസ്ഥയുടെ അഞ്ചിലൊന്ന് കൈയാളുന്ന, രാജ്യങ്ങളുടെ ഉച്ചകോടിയെന്ന നിലയ്ക്ക് ബ്രിക്‌സിന്റെ സുപ്രധാനമായ തീരുമാനമാണ് പുതിയ വികസനബാങ്ക് രൂപീകരിക്കാനുള്ളത്.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിന്റെ ആതിഥേയത്വത്തില്‍ സമ്മേളനത്തിനെത്തിച്ചേര്‍ന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍, ചൈന പ്രസിഡന്റ് സി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ബാങ്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

എവിടെയാകണം ബാങ്കിന്റെ ആസ്ഥാനം, ബ്രിക്‌സ് രാജ്യങ്ങള്‍ എത്ര വിഹിതം വീതം ബാങ്കിന്റെ മൂലധനത്തിന് സംഭാവന നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ കടുത്ത വിലപേശല്‍ നടന്നു.

കൂടുതല്‍ ശേഷിയുള്ള രാജ്യം കൂടുതല്‍ വിഹിതം നല്‍കണം എന്നതായിരുന്നു ചൈനീസ് നിലപാട്. അത് അംഗീകരിക്കപ്പെട്ടാല്‍ ചൈനയാണ് കൂടുതല്‍ വിഹിതം നല്‍കുക. സ്വാഭാവികമായും ചൈനയ്ക്ക് ബാങ്കിന്റെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണം വരും.

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ അത് നിരസിച്ചു. ഒടുവില്‍ ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ തുല്യവിഹിതം ഇടണം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇന്ത്യയുടെ നിലപാടിന് ലഭിച്ച വിജയമായി ഇത് വിലയിരുത്തപ്പെടുന്നു. 'ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്' എന്ന പേര് നിര്‍ദേശിച്ചതും പ്രധാനമന്ത്രി മോദിയാണ്.

'ന്യു ഡെവലപ്‌മെന്റ് ബാങ്കിന് രൂപംനല്‍കാനുള്ള ബ്രിക്‌സ് രാഷ്ട്രങ്ങളുടെ ധാരണ അര്‍ഥവത്തായ ഒരു ചുവടുവെപ്പാണ്. 2012 ല്‍ ഡല്‍ഹിയില്‍വെച്ച് പ്രഖ്യാപിച്ച ഇക്കാര്യം യാഥാര്‍ഥ്യമായതില്‍ എനിക്ക് സന്തോഷമുണ്ട്' - പ്രധാനമന്ത്രി മോദി പറഞ്ഞു.

ബ്രിക്‌സ് രൂപവത്കരിക്കുന്ന കരുതല്‍നിധി 'മിനി ഐ.എം.എഫ്.' എന്ന നിലയിലാകും പ്രവര്‍ത്തിക്കുക. ബ്രിക്‌സ് രാജ്യങ്ങളുടെ വികസനത്തിന് പുതിയ ബാങ്കും കരുതല്‍നിധിയും നിര്‍ണായമാകുമെന്ന് ബ്രസീല്‍ വ്യവസായ മന്ത്രി മൗറോ ബോര്‍ഗസ് പറഞ്ഞു.

No comments:

Post a Comment