Followers

Thursday, July 31, 2014

ആറന്മുള വള്ള സദ്യക്ക് ഇന്ന് തുടക്കമാവും

മദ്ധ്യ തിരുവിതാംകൂറിന് ഇനി രൂചികൂട്ടിന്റെയും ആഘോഷ പെരുമയുടെയും നാളുകൾ . ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് ഇന്ന് തുടക്കമാവും.ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലാണ് വള്ളസദ്യ നടക്കുന്നത്. ഇന്ന് മുതൽ രണ്ട് മാസക്കാലം 600 ലധികം വള്ള സദ്യകളാവും നടക്കുന്നത്.വള്ളസദ്യയുടെ ആദ്യദിനമായ ഇന്ന് 16 വള്ള സദ്യകളാണ് ഉള്ളത്.ഇത്തവണ ശ്രീശാന്ത്, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരും വള്ളസദ്യ നല്‍കുന്നുണ്ട്.സദ്യ വിഭവങ്ങളുടെ പാചകം ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.ആറന്‍മുള ക്ഷേത്രം മേല്‍ശാന്തി അരവിന്ദാക്ഷന്‍ ഭട്ടതിരി ശ്രീകോവിലില്‍ നിന്നും തെളിയിച്ച ദീപം,മുതിര്‍ന്ന പാചകക്കാരന്‍ ഉണ്ണികൃഷ്‍ണപിള്ള അടുപ്പിലേക്ക്‌ പകര്‍ന്നതോടെയാണ് വിഭവങ്ങളുടെ പാചകം ആരംഭിച്ചത്.
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.
ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴയും) ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.
പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.
അറുപത്തിമൂന്ന് ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമ്പുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.
2 മാസക്കാലം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളിലായി ഏകദേശം 5 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്ക്.

No comments:

Post a Comment