Followers

Wednesday, July 9, 2014

അൽഷിമേഴ്സ് നേരത്തെ അറിയാൻ രക്ത പരിശോധന


ലണ്ടൻ: ഓർമ നശിച്ചു പോകുന്ന രോഗമായ അൽഷിമേഴ്സ് അഥവാ സ്‌മൃതിനാശം നേരത്തെ അറിയുന്നതിന് രക്തപരിശോധനയിലൂടെ സാധിക്കുമെന്ന് ബ്രിട്ടനിലെ ഒരു സംഘം ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ലണ്ടനിൽ ആയിരത്തോളം പേരുടെ രക്തം പരിശോധിച്ചതിൽ നിന്നാണ് ശാസത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയത്. പഠനത്തിന് വിധേയരാക്കിയവരുടെ രക്തത്തിൽ ഒരു പ്രത്യേകതരം പ്രോട്ടീനിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതിലൂടെ 87 ശതമാനം കൃത്യതയോടെ അൽഷിമേഴ്സ് രോഗത്തിന്റെ തുടക്കം തിരിച്ചറിയാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ആരോഗ്യവാന്മരായ 452 പേരിലും ചെറിയ തോതിൽ ഓർമയ്ക്ക് കോട്ടമുള്ളവരെയും (ഇത് സാധാരണ ജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കണമെന്നില്ല)​ 476 അൽഷിമേഴ്സ് രോഗികളുടെയും രക്തമാണ് ശാസ്ത്രജ്ഞർ പരിശോധിച്ചത്. ഇവരിൽ രണ്ടാമത്തെ വിഭാഗത്തിന് ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്സ് വരാനുള്ള സാദ്ധ്യത 87 ശതമാനം കൃത്യതയോടെ പ്രവചിക്കാനുമായി.

അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ശാസ്ത്ര മാഗസിനിൽ ഇതു സംബന്ധിച്ച കണ്ടുപിടിത്തത്തെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്. അൽഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിന് നവീന കണ്ടുപിടിത്തം സഹായകമാവുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷ പ്രകടിപ്പിച്ചു.

അൽഷിമേഴ്സിന് ഇതുവരെ മരുന്നുകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. 2002നും 2012നും ഇടയിൽ നടത്തിയ 99 ശതമാനം പരീക്ഷണങ്ങളും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ചികിത്സിക്കാൻ തുടങ്ങുന്പോഴേക്കും രോഗം നിയന്ത്രണാതീതം ആയിരിക്കുമെന്നതാണ് അൽഷിമേഴ്സിന്റെ പ്രത്യേകത. രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ് ഇതിനുള്ള ഏക പോംവഴിയെന്നും ഡോക്ടർമാർ പറയുന്നു. അതിന് ഉതകുന്ന തരത്തിലുള്ള കണ്ടുപിടിത്തമാണ് ഇപ്പോഴത്തേതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment