Followers

Friday, July 4, 2014

പാചകവാതകം സിലിണ്ടറിന് 250 രൂപ കൂട്ടാന്‍ ശുപാര്‍ശ


ന്യൂഡല്‍ഹി: പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍തോതില്‍ വില കൂട്ടാന്‍ നീക്കം. പാചകവാതകത്തിന് സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് നാല് രൂപയും വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിക്ക് ഈ ശുപാര്‍ശ അടങ്ങുന്ന കുറിപ്പ് ഉടന്‍ സമര്‍പ്പിക്കും.

ഡീസല്‍ സബ്‌സിഡി നികത്തുന്നത് വരെ പ്രതിമാസമുള്ള 50 പൈസ വര്‍ധന തുടരണമെന്നും ശുപാര്‍ശയിലുണ്ട്. ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന 3.40 രൂപയുടെ നഷ്ടം നികത്തിയശേഷം പെട്രോളിന് സമാനമായി ഡീസല്‍ വില നിയന്ത്രണവും എടുത്തുകളയണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇത് അംഗീകരിക്കപ്പെട്ടാല്‍ പെട്രോള്‍ വിലയുടെ മാതൃകയില്‍ രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഡീസലിനും എല്ലാ മാസവും ഒന്നാം തീയതിയും 16 ാം തീയതിയും വില കൂടുകയോ കുറയുകയോ ചെയ്യും.

ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം കിരിത് എസ് പരീഖിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ പരിഗണിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് കിരിത് പരീഖ് കമ്മിറ്റി മണ്ണെണ്ണയ്ക്ക് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും പാതചകവാതകം സിലിണ്ടറിന് 250 രൂപയും വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഇതാണ് ഇപ്പോള്‍ അതേപടി വീണ്ടും കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

No comments:

Post a Comment