Followers

Wednesday, July 2, 2014

പി.കെ.ചന്ദ്രാനന്ദൻ അന്തരിച്ചു

 ആലപ്പുഴ: പുന്നപ്ര വയലാർ സമരസേനാനിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി.കെ.ചന്ദ്രാനന്ദൻ (89)​ അന്തരിച്ചു. വാർദ്ധക്യകാല അസുഖത്തെ തുടർന്ന് പുന്നപ്രയിലെ സഹകരണ ആശുപത്രിയിൽ വച്ച് ഉച്ചയോടെയായിരുന്നു അന്ത്യം. സി.പി. ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വെണ്‍പാല രാമചന്ദ്രന്‍റെ സഹോദരി വി.കെ.ഭദ്രാമ്മയാണ് ഭാര്യ. ഉഷ (ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, മക്ഡവല്‍ കമ്പനി, ചേര്‍ത്തല), ബിന്ദു (ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍, ടൈറ്റാനിയം, തിരുവനന്തപുരം), വി സി അശോകന്‍, ലക്ചറര്‍, ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റ്, എസ്ഡി കോളേജ്, ആലപ്പുഴ) എന്നിവർ മക്കളാണ്. 

1925 ആഗസ്റ്റ് 26ന് പി.കെ.കുഞ്ഞന്റെയും പാർവതിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴയിലായിരുന്നു പി.കെ.ചന്ദ്രാനന്ദൻ എന്ന പി.കെ.സിയുടെ ജനനം. പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം നൽകിയ ചന്ദ്രാനന്ദൻ പന്ത്രണ്ട് വർഷത്തോളം ഒളിവില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഒന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്നു.1967 ല്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രാനന്ദൻ പാർട്ടി നിർദ്ദേശപ്രകാരം രാജിവച്ച് 1970 ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. പത്തു വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 1992 മുതല്‍ 95 വരെയും വീണ്ടും ജില്ലാസെക്രട്ടറിയായി. 1995 മുതല്‍ മൂന്നു വര്‍ഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 1980 ല്‍ അമ്പലപ്പുഴ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ മാരാരിക്കുളത്തും 1982 ല്‍ അമ്പലപ്പുഴയിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ജില്ലാ സെക്രട്ടറിയായിരുന്ന പി.സുധാകരന്റെ നിര്യാണത്തെ തുടർന്ന് 2006 ല്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി. 2008 ല്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അനാരോഗ്യത്തെ തുടര്‍ന്ന് 2009 ആഗസ്റ്റിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.  

No comments:

Post a Comment