Followers

Wednesday, July 30, 2014

വിഴിഞ്ഞത്തിനെതിരെ നീക്കം; മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ട്രൈബ്യൂണലിൽ രണ്ട് മത്സ്യത്തൊഴിലാളികളുടെ പേരിൽ നൽകിയ കേസിലെ വിധി സർക്കാരിനെതിരാവുകയാണെങ്കിൽ കേരളത്തിന്റെ തീരപ്രദേശത്തെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും ജീവിതം വഴിമുട്ടും.
തീരമേഖലയിൽ കഴിയുന്നവർക്ക് ഭാവിയിൽ  ചെറിയ കുടിൽപോലും കെട്ടാനാവില്ലെന്നുമാത്രമല്ല മത്സ്യത്തൊഴിലാളികൾ ഇപ്പോൾ താമസിക്കുന്ന പല വീടുകളും കുടിലുകളും പൊളിച്ചുമാറ്റേണ്ടിയും വരും. മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്ത് വീട് വയ്ക്കുന്നതിന് ഇളവു തേടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കെയാണ് വിഴിഞ്ഞം പദ്ധതിക്ക് പാരവയ്ക്കാൻവേണ്ടി മത്സ്യത്തൊഴിലാളികളെ ഇരയാക്കിയിരിക്കുന്നത്.

തീരദേശ പരിപാലന നിയമത്തിൽ കേന്ദ്ര സർക്കാർ 2011ൽ വരുത്തിയ ഭേദഗതിയെ ചോദ്യം ചെയ്താണ് മേരിദാസൻ, വിൽഫ്രഡ് എന്നീ മത്സ്യത്തൊഴിലാളികളുടെ പേരിൽ ട്രൈബ്യൂണലിൽ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ വാദം അംഗീകരിക്കപ്പെട്ടാൽ തീരമേഖലയിൽ കഴിയുന്നവർക്ക് പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ പോലും വീടു വയ്ക്കാൻ കഴിയാതെ വരും.
തീരദേശ പരിപാലന നിയമത്തിലെ മൂന്നാം വകുപ്പിൽ ഇളവ് ലഭിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിന് സമീപം വീട് വയ്ക്കാം. എന്നാൽ ഹരിത ട്രൈബ്യൂണലിന്റെ വിധി എതിരായാൽ കേന്ദ്രത്തിന് അനുകൂല തീരുമാനം എടുക്കാനാവില്ല. ഇത് ഏറ്റവുമധികം ബാധിക്കുക തീരമേഖല ഏറ്റവും കൂടുതലുള്ള കേരളത്തെയാകും. മത്സ്യത്തൊഴിലാളികൾക്ക് പാരമ്പര്യമായി കിട്ടിയ ഭൂമി നഷ്ടപ്പെടുകയും ചെയ്യും.

തുറമുഖം വന്നാൽ പ്രകൃതി സൗന്ദര്യം നശിക്കുമെന്നാണ് രണ്ട് മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ പറയുന്നത്. ഡൽഹി ഹരിത ട്രൈബ്യൂണൽ ആഗസ്റ്റ് 21നാണ് കേസ് പരിഗണിക്കുന്നത്. ഇതിനുമുമ്പ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെയും നീക്കം. തീരമേഖലയിലുള്ള എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും യു.എന്നിന്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ പാനലിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന പുതിയ ആവശ്യവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.


മുഖ്യമന്ത്രി നിവേദനം നൽകി
തീരസംരക്ഷണ വിജ്ഞാപനം  കാരണം കടൽത്തീരത്തും നദികൾക്കും പൊക്കാളി പാടങ്ങൾക്കും സമീപത്തും താമസിക്കുന്നവർ ദുരിതത്തിലാണെന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്കും തുറമുഖ മന്ത്രി നിതിൻ ഗഡ്കരിക്കും നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ   ഇവയാണ്:
*മത്സ്യത്തൊഴിലാളികൾക്ക് വീട് വയ്ക്കുന്നതിനും പാരമ്പര്യമായി കിട്ടിയ ഭൂമി ഉപയോഗിക്കുന്നതിനും അനുമതി വേണം
*പൊക്കാളി, കൈപ്പാടങ്ങൾക്കു സമീപം നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ച് മീറ്ററിനുള്ളിലും അനുവദിക്കണം.
*പത്ത് മീറ്ററിൽ താഴെ വീതിയുള്ള നദീ തീരം നിയമത്തിൽ നിന്ന് ഒഴിവാക്കണം. *ഉൾനാടൻ ജലാശയ തീരത്തെ പരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കണം


 വിഴിഞ്ഞത്ത് പ്രതിഷേധം പുകയുന്നു
വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം പുകയുകയാണ്. വിഴിഞ്ഞത്തിനെതിരെ സഭയിലെ ചിലർ പ്രവർത്തിച്ചുവെന്ന വിവരം പുറത്തായതോടെ വിശ്വാസികൾ തന്നെ സഭയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഹരിത ട്രൈബ്യൂണലിലെ കേസിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികളാണെന്ന് അറിയാതെയാണ് പരാതി നൽകിയതെന്ന് നാട്ടുകാർ പറഞ്ഞു.

No comments:

Post a Comment