Followers

Monday, July 7, 2014

ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്


ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് 15 വയസ്സ്;സ്മാരകം നിർമ്മിക്കുമെന്നുള്ള മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായി .
1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വീര യോദ്ധാക്കളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട നാമം -ക്യാപ്റ്റൻ ജെറി പ്രേംരാജ് .
തലസ്ഥാന നഗരിയുടെ തെക്കൻ ഗ്രാമ പ്രദേശമായ വെങ്ങാനൂരിൽ രത്‌നരാജിന്റെയും ചെല്ലതായുടെയും രണ്ടാമത്തെ മകനായ ജെറിക്ക് കുട്ടിക്കാലം മുതൽക്ക്‌ സാഹസിക ജീവിതത്തിലായിരുന്നു താല്‍പര്യം. ആ താല്പര്യമാണ് ജെറിയെ ധീരജവാനാക്കി മാറ്റിയത് .
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെയാണ് ജെറി വ്യോമസേനയില്‍ ടെക്‌നീഷ്യനായി ചേര്‍ന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ജെറി, നാസിക് അക്കാദമിയിലെ പരിശീലനശേഷം അര്‍ട്ടിലറി ഓഫിസറായി. ഇതിനിടെ വിവാഹവും കഴിഞ്ഞു. യുദ്ധത്തെതുടര്‍ന്ന് പൊടുന്നനെ യുദ്ധഭൂമിയിലേക്കു ജെറി മടങ്ങുകയായിരുന്നു.
1999 ജൂലായ് 7ന് ശത്രു പാളയത്തിലേക്ക് ആഞ്ഞടിച്ച ജെറിയുടെ നേതൃത്വത്തിലുള്ള ബെറ്റാല്യനു നേരെ ശക്തമായ ഷെല്ലാക്രമണമുണ്ടായെങ്കിലും ശത്രുക്കളുടെ ബങ്കറിലേക്ക് കരളുറപ്പോടെ നേർക്കുനേർ നിന്ന് ജെറി അവസാന ശ്വാസം വരെ പോരാടി .വീര മൃത്യു വരിച്ച ഈ യോദ്ധാവിനെ രാജ്യം "വീർ ചക്ര" ബഹുമതി നൽകി ആദരിച്ചു
ജെറി പ്രേംരാജിന്റെ ജന്മനാടായ വെങ്ങാനൂരില്‍ ജലസേചന വകുപ്പിന്റെ ചാനല്‍ പുറമ്പോക്കില്‍ പ്രതിമ സ്ഥാപിക്കാന്‍ 36 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം അനുവദിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നാളിതുവരെ അത് നടപ്പായിട്ടില്ല .പൊതുസ്ഥലങ്ങളിലും റോഡിലും പ്രതിമകളും സ്മാരകങ്ങളും നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥലം അനുവദിക്കാത്തത്.ജെറിയുടെ
വീടിനു സമീപത്തെ ചാനലിന് മുകളില്‍ ചെറിയ പാലം നിര്‍മ്മിച്ച് ആര്‍ക്കും തടസ്സമില്ലാത്ത രീതിയില്‍ പ്രതിമ സ്ഥാപിക്കാമെന്നിരിക്കെയാണ് ഈ തടസ്സവാദങ്ങള്‍. പകരം അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

No comments:

Post a Comment