Followers

Wednesday, July 9, 2014

സേവനക്കൂട്ടായ്മയില്‍ ഇ-മലയാളം കുതിക്കുന്നു


തൃശ്ശൂര്‍: സേവനക്കൂട്ടായ്മയില്‍ മലയാളത്തിന് ഇ-മുഖം നല്‍കാനുള്ള ശ്രമങ്ങള്‍ മുന്നേറുന്നു. ഒന്നരമാസത്തിനുള്ളില്‍ 150 പുസ്തകങ്ങളില്‍നിന്നായി പന്ത്രണ്ടായിരത്തിലധികം പേജുകള്‍കൂടി ഡിജിറ്റല്‍ രൂപത്തിലാക്കി. 1100 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1500 പേര്‍ പങ്കെടുത്ത കൂട്ടായ്മയിലൂടെയാണിത്.

ഇതിന്റെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയുമാണ്. വന്‍തുക മുടക്കി സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ് സേവനക്കൂട്ടായ്മയില്‍ മുന്നേറുന്നത്.

ഇന്റര്‍നെറ്റ് സൗഹൃദമായാലേ മലയാളഭാഷയ്ക്കു നിലനില്‍പ്പുള്ളൂ എന്ന വിലയിരുത്തലിലാണ് വിക്കിഗ്രന്ഥശാലാ സമൂഹം ഇത്തരം ഒരു ശ്രമത്തിനു മുന്നിട്ടിറങ്ങിയത്. വിവിധ സ്‌കൂളുകള്‍, സാഹിത്യ അക്കാദമി, ഐ.ടി. അറ്റ് സ്‌കൂള്‍, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പകര്‍പ്പാവകാശം കഴിഞ്ഞ മലയാളത്തിലെ പഴയ പുസ്തകങ്ങളാണ് ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഇവയെല്ലാം ഇന്റര്‍നെറ്റിലൂടെ വായിക്കുകയും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുകയുമാവാം.

സംക്ഷേപവേദാര്‍ത്ഥം, യേശുക്രിസ്തുവിന്റെ പുതിയ നിയമം, രസികരഞ്ജിനി, കാന്തവൃത്തം, കവിഭാരതം തുടങ്ങി മലയാളത്തിലെ അമ്പതോളം പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷനാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വെറുതെ സ്‌കാന്‍ ചെയ്ത് പി.ഡി.എഫ്. രൂപത്തിലാക്കുന്നതിനേക്കാള്‍ ഇരട്ടി പ്രയോജനം ചെയ്യുന്നതാണ് ടൈപ്പ് ചെയ്തു ചേര്‍ക്കുന്ന രീതി. ഒരു ഗ്രന്ഥത്തിലെ വാക്കുകളോ നാമങ്ങളോ സര്‍ച്ച് ചെയ്തു കണ്ടെത്താനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. വളരെയധികം മനുഷ്യാധ്വാനം വേണ്ട ഒരു വന്‍ പദ്ധതിക്കാണ് ഇവര്‍ തുടക്കമിട്ടിരിക്കുന്നത്.

ഇതിന്റെ പ്രചാരണത്തിനായി ജനവരി ഒന്നുമുതല്‍ ഫിബ്രവരി 30 വരെയാണ് ഇവര്‍ ടൈപ്പിങ്പ്രൂഫ് റീഡിങ് മത്സരം സംഘടിപ്പിച്ചത്. ഈ കാലയളവിലാണ് പന്ത്രണ്ടായിരത്തോളം പേജുകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ആകെ 25,000 പേജുകളാണ് ടൈപ്പ് ചെയ്യാനായി വിതരണം ചെയ്തത്.

മത്സരം അവസാനിച്ചെങ്കിലും ജോലികള്‍ അവസാനിച്ചിട്ടില്ല. www.ml.wikiosurce.org എന്ന സൈറ്റുവഴി ആര്‍ക്കും മലയാളം ഡിജിറ്റലൈസേഷനില്‍ ഭാഗഭാക്കാകാം. ടൈപ്പ് ചെയ്യേണ്ട പുസ്തകങ്ങളുടെ പി.ഡി.എഫ്. പേജുകള്‍ ഇതില്‍ ലഭിക്കും. ഇതു ടൈപ്പ് ചെയ്യുക മാത്രമാണ് വേണ്ടത്. ടൈപ്പിങ്പ്രൂഫിങ് ജോലികളുടെ പുരോഗതിയും സൈറ്റില്‍നിന്ന് അറിയാം.

No comments:

Post a Comment