Followers

Tuesday, July 8, 2014

പണക്കാരനാകാൻ കൈവശം വെറും 33 രൂപ മതി!


കൊച്ചി : കൈവശം 33 രൂപ എടുക്കാനുണ്ടോ?എങ്കിൽ  ചില്ലറക്കാരനല്ല, നിങ്ങൾ പണക്കാരനാണെന്ന് രംഗരാജൻ പറയും. ദാരിദ്ര്യത്തെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ യു.പി.എ സർക്കാർ നിയോഗിച്ച സി. രംഗരാജൻ സമിതിയുടേതാണ് ഈ കണ്ടെത്തൽ. ഒരു ഗ്രാമവാസിയുടെ പ്രതിദിന വരുമാനം 32 രൂപയോ അതിൽ താഴെയോ ആണെങ്കിൽ അയാൾ ദാരിദ്ര്യവാസിയാണ്. 47 രൂപയ്‌ക്കുമേൽ പ്രതിദിന വരുമാനമുള്ള നഗരവാസിയെയും പണക്കാരൻ എന്നു വിളിക്കാമെന്ന് രംഗരാജൻ സമിതി കേന്ദ്ര ആസൂത്രണ മന്ത്രി റാവു ഇന്ദർജിത്ത് സിംഗിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പത്തിൽ മൂന്ന് ഇന്ത്യക്കാരും ദരിദ്രരാണെന്ന കാര്യവും റിപ്പോർട്ടിലുണ്ട്.
ദാരിദ്ര്യരേഖ നിശ്‌ചയിക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ പഠനം നടത്താൻ തീരുമാനിച്ചത്. സുരേഷ് ടെൻഡുൽക്കർ സമിതിയാണ് ആദ്യം ദാരിദ്ര്യത്തെക്കുറിച്ച് പഠിച്ചത്. ഗ്രാമങ്ങളിൽ 27 രൂപയും നഗരങ്ങളിൽ 33 രൂപയും പ്രതിദിന വരുമാനമുള്ളവർ ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലായിരിക്കണമെന്ന് ടെൻഡുക്കർ സമിതി റിപ്പോർട്ട് ചെയ്‌തു. ആസൂത്രണ കമ്മിഷൻ ഇത് ഏറ്റുപിടിച്ചു. ഗ്രാമങ്ങളിൽ 27 രൂപ പ്രതിദിനം വരുമാനമായി കിട്ടുന്നയാൾക്ക് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമെല്ലാം ഈ തുക മതിയാകുമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. പാർലമെന്റിൽ പ്രതിപക്ഷം ഇതേച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, തന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവും റിസർവ് ബാങ്ക് മുൻ ഗവർണറുമായ സി. രംഗരാജന്റെ നേതൃത്വത്തിൽ പുതിയ പഠനസമിതിയെ നിയോഗിക്കുകയായിരുന്നു.  2011-12 സാമ്പത്തിക വർഷം ആസ്‌പദമാക്കി തയ്യാറാക്കിയ പഠനത്തിൽ 36 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണെന്ന് രംഗരാജൻ പറയുന്നു. ടെൻഡുൽക്കർ സമിതിയുടെ കണ്ടെത്തലിനെക്കാൾ പത്ത് കോടി കൂടുതലാണിത്.


 പ്രതിഷേധം ശക്തം
രംഗരാജന്റെ റിപ്പോർട്ട്  മൊത്തത്തിൽ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിലെ പ്രമുഖർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ ദാരിദ്ര്യ നിർണയം തെറ്റാണെന്നും റിപ്പോർട്ട് അംഗീകരിക്കരുതെന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞു.
രംഗരാജന് നൂറ് രൂപ അയച്ചു തന്നാൽ ഒരു ദിവസം  ജീവിച്ചു കാണിച്ചുതരാമോ എന്ന്ചോദ്യവുമായി സമാജ് വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ രംഗത്തെത്തി. എങ്കിൽ ദിനംപ്രതി 100 രൂപ അയച്ചു കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പത്തിൽ മൂന്ന് ഇന്ത്യക്കാരും ദരിദ്രരാണെന്ന രംഗരാജന്റെ കണക്ക് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി പറഞ്ഞു.

No comments:

Post a Comment