Followers

Friday, July 4, 2014

മലയാളി നഴ്സുമാരെ ഇന്ത്യയ്ക്ക് കൈമാറി,​ നാളെ കേരളത്തിലെത്തും


ന്യൂഡൽഹി: ആഭ്യന്തര സംഘർഷം നടക്കുന്ന ഇറാക്കിൽ കുടുങ്ങിയ 46 നഴ്സുമാർ ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നു. മൊസൂളിൽ അൽജിഹാരി ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിൽ പാർപ്പിച്ചിരുന്ന നഴ്സുമാരെ വിമതർ തന്നെയാണ് ഇന്ന് അവരുടെ വാഹനത്തിൽ 89 കിലോമീറ്റർ അകലെയുള്ള ഇർബിൽ വിമാനത്താവളത്തിലെത്തിച്ചത്. അവിടെ നഴ്സുമാരെ കാത്ത് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ നിൽപുണ്ടായിരുന്നു.

നഴ്സുമാർക്ക് താമസിക്കാനായി ഇർബിലിൽ ഹോട്ടൽ സൗകര്യങ്ങൾ ഇന്ത്യൻ എംബസി ഒരുക്കിയിട്ടുണ്ട്. നഴ്സുമാരെ തിരികെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വൈകിട്ട് അഞ്ചു മണിയോടെ ഡൽഹിയിൽ നിന്ന് ഇർബിലിലേക്ക് തിരിക്കും. രാത്രി 12 മണിയോടെ നഴ്സുമാർ കൊച്ചിയിലേക്ക് യാത്ര തിരിക്കും. നാളെ രാവിലെ വിമാനം കൊച്ചിയിലെത്തും. തീവ്രവാദികൾ ആശുപത്രിയിൽ നിന്ന് നഴ്സുമാരെ പെട്ടെന്ന് ഒഴിപ്പിച്ചതിനാൽ തന്നെ അവർ കൈയിൽ കിട്ടിയ സാധനങ്ങളുമായി യാത്ര തിരിക്കുകയായിരുന്നു. പലരുടെയും യാത്രാരേഖകൾ അപൂർണമാണെന്നാണ് സൂചന. അതിനാൽ തന്നെ അവ ശരിയാക്കുന്നതിനായി ഇർബിൽ വിമാനത്താവളത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. അതാണ് യാത്ര രാത്രിയിലേക്ക് നീട്ടിയതിന് കാരണവും.

നഴ്സുമാരെ കൊച്ചിലെത്തിക്കണമെന്ന കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അത് അംഗീകരിക്കുകയായിരുന്നു. നഴ്സുമാരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് സൂചനയുണ്ട്. ആ നഴ്സിനെ കൊച്ചിയിലെത്തിച്ച ശേഷം കേരള സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ തമിഴ്നാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം.

നഴ്സുമാരെ കൈമാറിയ വിവരം ഇന്ത്യൻ വിദേശകാര്യമന്ത്രാലയും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഡയറക്ടർ പദവിയിലുള്ള പ്രതിനിധിയും ഡൽഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറും ഇർബിലിലേക്ക് പോകുന്നുണ്ട്.  

No comments:

Post a Comment