Followers

Saturday, July 5, 2014

പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തോന്നിയവില


തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില  സംസ്ഥാനത്ത് കുതിച്ചുകയറിത്തുടങ്ങി. വിപണിയിൽ സർക്കാരിന്റെ ഇടപെടൽ കുറഞ്ഞതോടെ തോന്നിയ പോലെയാണ് സാധനങ്ങളുടെ വില കയറുന്നത്.  റംസാൻ നോമ്പു തുടങ്ങിയതോടെ പഴം. പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ ആവശ്യം വർദ്ധിച്ചു. വിപണിയിലെ സർക്കാർ ഇടപെടൽ നിലച്ചതോടെ കച്ചവടക്കാർ തോന്നിയപോലെയാണ് അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്.
അരി, പയർ, പഞ്ചസാര, സവാള എന്നിവയുടെ പൂഴ്ത്തിവയ്പ്പും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നവയാണ് തോന്നിയ വിലയിൽ സംസ്ഥാനത്ത് വില്പന നടത്തുന്നത്.

വിപണിയിൽ കാര്യക്ഷമമായി ഇടപെടുന്നതിൽ നിന്ന് കൺസ്യൂമർ ഫെഡ് പിൻമാറുക കൂടി ചെയ്തതോടെ കച്ചവടക്കാർക്ക് തോന്നിയ പോലെ കാര്യങ്ങൾ തീരുമാനിക്കാമെന്ന അവസ്ഥയായി. പെട്രോൾ, ഡീസൽ വില വർദ്ധനയുടെ പേരിലാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള വിലക്കയറ്റം. മൊത്തവ്യാപാരികളിൽ നിന്ന് ഹോൾസെയിൽ വിലയ്ക്കു വാങ്ങുന്ന സാധനങ്ങൾ ചില്ലറ വ്യാപാരികൾ തോന്നിയപടിക്കു വിൽക്കുകയാണെന്ന ആരോപണവും ശക്തമാണ്.

അരി വില റോക്കറ്റ് പോലെ
ഏകീകൃത വില നിലവാരമുണ്ടായിരുന്ന സംസ്ഥാനത്തെ മാർക്കറ്റുകളിൽ
അരി വില ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത അവസ്ഥയാണ്. മലയാളികളുടെ ഇഷ്ടഇനമായ മട്ട അരിക്കു കഴിഞ്ഞ മാസത്തെക്കാൾ ആറു രൂപയാണ് കൂടിയത്. നാല്പതിന് മേലെയാണ് മട്ട അരി ഇപ്പോൾ നില്ക്കുന്നത്.  സുലേഖ, പവിഴം എന്നിവയ്ക്ക് അഞ്ച് രൂപ കൂടി 37 രൂപയായി.

തലസ്ഥാനത്ത് ചാല മാർക്കറ്റിൽ ഒരു കിലോ മുളക് വാങ്ങണമെങ്കിൽ നൂറു രൂപ കൊടുക്കണം.  മല്ലി കിലോയ്ക്ക് 136 രൂപയായി. പരിപ്പ് റെക്കാ‌‌ഡ് വിലയിലെത്തി. കിലോയ്ക്ക് 126 ആണ് പരിപ്പിന്റെ വില. ഗോതമ്പ് കിലോയ്ക്ക്  55 മുതൽ മുകളിലേക്കെത്തി. ഉഴുന്നുപരിപ്പ് രണ്ട് ദിവസത്തിനുള്ളിൽ കിലോയ്ക്ക് 100 രൂപയാകുമെന്നാണ് ചാലമാർക്കറ്റിലെ മൊത്തവിതരണക്കാരനായ വിക്രമൻ പറയുന്നത്.  കടലപ്പരിപ്പ് 80 രൂപ, പയർ 108 രൂപ അങ്ങനെ സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ആഴ്ചയിൽ ഒരിക്കൽ ചെറിയ തോതിൽ വില കൂട്ടുന്ന സമ്പ്രദായമാണ് ചെറുകിട കച്ചവടക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

സർക്കാർ കൈവിട്ടു
കൺസ്യൂമർ ഫെഡിന്റെ  ത്രിവേണി, നന്മ സ്റ്റോറുകൾ സജീവമായിരുന്നപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രണവിധേയമായിരുന്നുവെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. സബ്സിഡിയോടുകൂടി അരിയും പലവ്യഞ്ജനവും  കച്ചവടം ചെയ്തിരുന്നപ്പോൾ ഏകീകൃത വില സംസ്ഥാനത്ത് നിലനിന്നിരുന്നു. സാധാരണക്കാരന് ഏറെ ആശ്രയമായിരുന്ന ത്രിവേണി സ്റ്റോറുകളിൽ സബ്സിഡിയോടുകൂടിയുള്ള വില്പനയ്ക്ക് നിയന്ത്രണം വന്നതും സാധാരണക്കാരന് ഇരുട്ടടിയായി.

അരി, ചെറുപയർ, വൻപയർ, ഉഴുന്ന്, ഗോതമ്പ്, പഞ്ചസാര, വെളിച്ചെണ്ണ എന്നിങ്ങനെ വളരെ അത്യാവശ്യമുള്ളതായ ഐറ്റങ്ങൾ ഇപ്പോൾ സബ്സിഡി വൻ തോതിൽ വെട്ടിക്കുറച്ചാണ് ത്രിവേണി സ്റ്റോറുകൾ വഴി വിൽക്കുന്നത്. കൺസ്യൂമ‌ർ ഫെഡിനെ സർക്കാർ പൂർണമായും അവഗണിക്കുന്നതോടെ വിലക്കയറ്റം പിടിച്ചു നിറുത്താനാകാത്ത അവസ്ഥയാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

പച്ചതൊടാതെ പച്ചക്കറിവില
പലവ്യഞ്ജനത്തേക്കാൾ ഭീകരമാണ് പച്ചക്കറി വില. ഏത് സാധനത്തിന് എപ്പോൾ വിലകൂടുമെന്ന് ആർക്കും പറയാനാകാത്ത അവസ്ഥ. അൻപത് രൂപയ്ക്ക് ഒരു കവർ വെട്ടുമലക്കറി കിട്ടുന്ന കാലം പോയ് മറഞ്ഞു. നൂറുരൂപ കൊടുത്താൽ ഏതെങ്കിലും രണ്ട് ഐറ്റം കിട്ടുന്ന അവസ്ഥയാണിപ്പോൾ. സാമ്പാറിനും അവിയലിനുമൊക്കെ പച്ചക്കറി കഷണങ്ങളായി മുറിച്ചു കിട്ടുന്നതാണ് വെട്ടുമലക്കറി. ഇനി അതും സ്വാഹ!.
റംസാൻ നോമ്പുകാലത്ത് സാധാരണ പച്ചക്കറിക്ക് വില വർദ്ധിക്കുമെങ്കിലും ഇപ്പോഴത്തെ വർദ്ധന സഹിക്കാനാകില്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. സീസണായതോടെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിനുള്ളത്.

എന്നാൽ മഴയുടെ കുറവ് അന്യസംസ്ഥാനങ്ങളിലെ പച്ചക്കറി ഉൽപാദനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ചാലയിലെ കച്ചവടക്കാർ പറയുന്നത്. ഈ അവസ്ഥയിൽ മുന്നോട്ടുപോയാൽ ഓണക്കാലത്ത് സംസ്ഥാനം കടുത്ത വിലക്കയറ്റമാകും നേരിടേണ്ടിവരികയെന്നാണ് കച്ചവടക്കാരും ഉപഭോക്താക്കളും പറയുന്നത്.

വിലയിൽ മുമ്പൻ ബീൻസും ഇഞ്ചിയും
ഈ സീസണിൽ ഏറ്റവും ഉയർന്ന വില ബീൻസിനാണ്. കിലോയ്ക്ക് 100 രൂപയാണ് ബീൻസിന്. ഇരുപത് രൂപയിൽ താഴെയുണ്ടായിരുന്ന തക്കാളിക്ക്   28 രൂപയാണ് ഇന്നലെ. ഇഞ്ചിയാണ് കൂട്ടത്തിൽ കേമൻ കിലോ 140 രൂപയാണ് ഇപ്പോഴത്തെ വില. കുറച്ചുനാളുകളായി ഇഞ്ചിവില മുകളിലേക്ക് തന്നെയാണ്. തൊണ്ടൻ മുളക് ഇന്നലെ 128 രൂപയാണ്. കഴിഞ്ഞദിവസം ഇത് 138 രൂപയായിരുന്നു.

ചെറിയ മുളകിന്റെ വില 18ൽ നിന്ന് 40 രൂപയായി വർധിച്ചു. ഏത്തന് കിലോയ്ക്ക് 12 രൂപ വർധിച്ചു. പാവയ്ക്കക്ക് 55, കിഴങ്ങിന് 40, ബീറ്റ്റൂട്ടിന്  50 എന്നിങ്ങനെയാണ് ചാലമാർക്കറ്റിലെ മൊത്തവില. വെള്ളരിക്ക, വെണ്ട, മത്തൻ, പടവലം എന്നിവയുടെ സ്ഥിതിയും മോശമല്ല. നാടൻ പച്ചക്കറി ഐറ്റങ്ങളായ വള്ളിപ്പയർ, പടവലങ്ങ, ഏത്തൻ എന്നിവ കിട്ടാനില്ലെന്ന് കച്ചവടക്കാർ തന്നെ പറയുന്നുണ്ട്.

ഹോർട്ടിക്കോർപ്പിന് കടകൾ മാത്രം
ന്യായവിലയ്ക്ക് പച്ചക്കറി ഐറ്റങ്ങൾ വില്പന നടത്തുന്ന സർക്കാർ സംരഭമായ ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ സാധനങ്ങളുടെ ദൗർലഭ്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരാണ്. ക്രിത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കാൻ കച്ചവടക്കാർക്ക് കഴിയുന്നതും ഹോർട്ടികോർപ്പിന്റെ പിടിപ്പുകേടാണ്. അതുമൂലം മൊത്തവിപണിയിലെയും ചില്ലറ വിപണിയിലെയും വിലയിൽ  വൻ വ്യത്യാസമാണുള്ളത്.

പഴങ്ങൾക്ക് തീവില
സീസണല്ലാത്തതിനാൽ നോമ്പുകാല പഴവിപണിയും പ്രതിസന്ധിയിലാണ്. നോമ്പുകാലത്ത് പഴങ്ങളുടെ ആവശ്യത്തിലുള്ള വർദ്ധനയും വിലക്കയറ്റത്തിന് കാരണമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് പഴങ്ങൾക്ക് റെക്കാഡ് വിലയാണ്. മാമ്പഴത്തിന്റെ വരവ് ഏകദേശം അവസാനിച്ചു. മുന്തിരി കിലയോക്ക് 40 മുതൽ 60 വരെയാണ്. ഓറഞ്ചിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. തമിഴ്നാടിൽ നിന്നും വരുന്ന പേരക്കയ്ക്ക് 50 രൂപയാണ്. മാതളത്തിന് കിലോയ്ക്ക് 140 രൂപയാണ്. വാഷിംഗ്ടൺ, ഫുജി, ചിലി എന്നിങ്ങനെ വ്യത്യസ്തതരം ആപ്പിൾ വിപണിയിൽ ലഭ്യമാണ്. സാധാരണക്കാരന് അടുക്കാൻ പറ്റാത്ത വിലയാണ് ആപ്പിളിന്. 160 മുതൽ 200 രൂപവരെയാണ് കിലോയ്ക്ക് വില.

No comments:

Post a Comment