Followers

Saturday, July 19, 2014

കാരുണ്യത്തിന്റെ ഘാതകരെ ചങ്ങലയ്ക്കിടണം


സാധാരണക്കാരെ മരുന്നുകമ്പനികളുടെ തീവെട്ടിക്കൊള്ളയിൽ നിന്ന് രക്ഷിക്കാൻ മൂന്നു വർഷം മുമ്പ്  ആരംഭിച്ച കാരുണ്യ ഫാർമസികളെ   ഇഞ്ചിഞ്ചായി കൊല്ലാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുവരുന്നത്.  370 ഫാർമസികൾ സംസ്ഥാനത്ത് തുടങ്ങുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചിരുന്നതെങ്കിലും 20 എണ്ണമേ തുടങ്ങാൻ കഴിഞ്ഞുള്ളൂ. ആ 20 ഫാർമസികളെ കൂടി വകവരുത്താനാണ് ഗൂഢശ്രമം.
സാധാരണക്കാരോടുള്ള കാരുണ്യമല്ല,  സ്വന്തം ആക്രാന്തമാണ് പ്രധാനമെന്ന് കരുതുന്നവരെ തുടലൂരിവിട്ടാൽ എന്ത്  സംഭവിക്കുമെന്നതിന്  ഉദാഹരണമാണ് കാരുണ്യ ഫാർമസികളുടെ ദുർഗതി. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിന്റെ വിഹിതം ഭാരിച്ച ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും കൈപ്പറ്റുന്ന  ഒരു വിദ്വാൻ ഈയിടെ  പ്രഖ്യാപിച്ചത് കാരുണ്യ ഫാർമസികൾ ആവശ്യമില്ലെന്നാണ്.  സർക്കാർ ആശുപത്രികളിൽ സൗജന്യമായി മരുന്നുകൊടുക്കുമ്പോൾ എന്തിന്  കാരുണ്യ ഫാർമസികളെന്ന വിഡ്ഢിച്ചോദ്യം  ചോദിച്ച ഈ വിദ്വാന്  ഐ.എ.എസ് എങ്ങനെ കിട്ടിയെന്ന സംശയമാണ് ന്യായമായും തോന്നേണ്ടത്. പക്ഷേ, സംശയം മറ്റൊന്നാണ്. വശീകരണതന്ത്രം വശമുള്ള മരുന്നുമാഫിയ കാണേണ്ട രീതിയിൽ  കണ്ടതുകൊണ്ടാണോ ഈ തലതിരിഞ്ഞ വർത്തമാനം?

സാധാരണ മരുന്നുകൾ 35 ശതമാനം മുതൽ  95 ശതമാനം വരെ വില കുറച്ച്  വിൽക്കുന്ന കാരുണ്യ ഫാർമസികൾ പത്തിലൊന്നിലും താഴെ വിലയ്ക്ക് പോലും മരുന്ന്  നൽകാറുണ്ട്. കാൻസറിനുള്ള 'പാക്ലിടാക്സിൽ' എന്ന മരുന്നിന് ഒരു ഡോസിന് പുറത്ത് 10,100 രൂപ നൽകേണ്ടി വരുമ്പോൾ 'കാരുണ്യ'യിൽ 739 രൂപ മാത്രമാണ് വില.  'കാരുണ്യ'യിൽ 824 രൂപയ്ക്ക് ലഭിക്കുന്ന 'സ്ട്രെപ്റ്റോനാസ്' എന്ന ഹൃദ്രോഗ മരുന്നിന് പുറത്ത് 4700 രൂപ നൽകേണ്ടി വരും. മാരക രോഗങ്ങളുമായി മല്ലടിക്കുന്നവർക്കാണ്  'കാരുണ്യ' ഏറ്റവും പ്രയോജനപ്പെടുന്നത്. മാരക രോഗങ്ങളുടെ പല മരുന്നുകൾക്കും വില വളരെ കൂടുതലാണ്. വലിയ വില നൽകി മരുന്ന്  വാങ്ങാൻ ത്രാണിയില്ലാത്ത രോഗികൾ നിശബ്ദമായി മരണത്തിന് കീഴടങ്ങുകയാണ് പതിവ്.  ഒരു ഡോസിന് തന്നെ 10,000 രൂപയിൽ കൂടുതൽ  വിലയുള്ള മരുന്നുകൾ സാധാരണക്കാർ എത്ര തവണ വാങ്ങും.
വിഷം അല്പാല്പമായി നൽകി ആരും അറിയാതെ കൊല്ലുന്നത് പോലെ,  നിലനില്പിന്റെ ധമനികൾ ഒന്നൊന്നായി കേടാക്കി കാരുണ്യ ഫാർമസികളുടെ കഥ കഴിയ്ക്കാനാണ് ശ്രമം. ഫാർമസി അനുവദിച്ചാൽ തന്നെ ആവശ്യത്തിന്  സ്ഥലസൗകര്യം ലഭ്യമാക്കുകയില്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഫാർമസി തുടങ്ങാൻ നൽകിയത് ഒരു കുടുസ്  മുറിയായിരുന്നു.  ലഭ്യമായ സൗകര്യത്തിൽ ഫാർമസി തുടങ്ങിയാലോ, ജീവനക്കാരെ  ആവശ്യത്തിന് അനുവദിക്കാതെയായിരിക്കും പാര. തിരുവനന്തപുരം മെഡിക്കൽ  കോളേജിലെ ഫാർമസിയിൽ ജീവനക്കാരുടെ കുറവ് കാരണം 12 കൗണ്ടറുകളിൽ   അഞ്ച് എണ്ണമേ  പ്രവർത്തിക്കുന്നുള്ളൂ.  ജീവനക്കാരെ അനുവദിക്കാതിരുന്നിട്ടും ഫാർമസിയുടെ  പ്രവർത്തനം  തുടരുന്നുവെന്ന് കണ്ടപ്പോഴായിരുന്നു പൂഴിക്കടകൻ പ്രയോഗം. ഫാർമസികളിൽ കേരള മെഡിക്കൽ  സർവീസസ് കോർപറേഷൻ മരുന്നുകൾ എത്തിക്കാതായി. മരുന്നുകളില്ലാതെ ഫാർമസികൾ പ്രവർത്തിക്കുന്നത് ഒന്ന് കാണണമെന്ന വാശിയിലാണ്  ഇപ്പോൾ മരുന്നുമാഫിയയുടെ കീശയിൽ കിടക്കുന്ന ഉദ്യോഗസ്ഥർ. മരുന്നുകളും വില്പനയുമില്ലാതെ നഷ്ടത്തിലായാൽ  ആ കാരണം മതി, ഫാർമസികൾ പൂട്ടിക്കെട്ടാൻ. അതിനാണ്  ശ്രമം.

രാജീവ്  സദാനന്ദൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ബിജു പ്രഭാകർ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറുമായിരുന്നപ്പോൾ ഒരു തടസവുമില്ലാതെ പ്രവർത്തിച്ചിരുന്ന കാരുണ്യ ഫാർമസികൾക്ക്  പെട്ടെന്ന് മരുന്നുകൾ കിട്ടാതെ  വന്നത് എങ്ങനെ? മെഡിക്കൽ സർവീസസ് കോർപറേഷൻ ഇപ്പോൾ നാഥനില്ലാക്കളരിയുടെ അവസ്ഥയിലാണെങ്കിലും കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങി ഫാർമസികളിൽ എത്തിക്കുന്ന പണിക്ക് തടസം വരേണ്ട കാര്യമില്ല. വലിയ ബൗദ്ധിക ശേഷിയൊന്നും ആവശ്യമില്ലാത്ത ഈ പണിക്ക് പോലും തടസം നേരിട്ടുവെങ്കിൽ  അത് ബോധപൂർവ്വമാകാനേ തരമുള്ളൂ.

ചികിത്സാരംഗത്തെ പലതരം ചൂഷണങ്ങൾക്കാണ് രോഗികൾ വിധേയരാകേണ്ടിവരുന്നത്.  ജീവിക്കണമെന്ന മനുഷ്യസഹജമായ ആഗ്രഹത്തെ, ജീവൻ രക്ഷിക്കേണ്ടവർ പോലും കച്ചവടമനസോടെ മുതലെടുക്കുകയാണ്. അതൊക്കെ തടയുക എളുപ്പമല്ല. എന്നാൽ, സാധാരണക്കാരായ രോഗികൾക്ക്  കാരുണ്യത്തിന്റെ  ഇത്തിരിവെട്ടം പ്രദാനം ചെയ്തിരുന്ന  ഫാർമസികൾ പൂട്ടിപ്പോകാതെ നോക്കാൻ സർക്കാർ വിചാരിച്ചാൽ  തീർച്ചയായും സാധിക്കും. കാരുണ്യ ഫാർമസികൾ ആരംഭിക്കാൻ പ്രത്യേക താല്പര്യം കാണിച്ച മുഖ്യമന്ത്രി തന്നെ അതിന്  മുൻകൈ എടുക്കണം. കാരുണ്യത്തിന്റെ ഘാതകരെ ചങ്ങലയ്ക്കിടേണ്ടിവന്നേക്കാം. ഓർക്കേണ്ടത്  മനുഷ്യജീവൻ രക്ഷിക്കുന്നത് ഒരു ചെറിയ കാര്യമല്ല, ഒരു മഹാപുണ്യമാണെന്നാണ്.

No comments:

Post a Comment