Followers

Friday, July 4, 2014

ഇറാക്ക് അതിർത്തിയിൽ സൗദി അറേബ്യ സേനയെ വിന്യസിച്ചു


റിയാദ്:   ഇറാക്കി സേന സൗദി അറേബ്യയുടെ അതിർത്തിയിൽ നിന്ന്  പിന്മാറിയതിനെ തുടർന്ന്  30,000 സൗദി ഭടന്മാരെ  ആ പ്രദേശത്ത്  വിന്യസിച്ചു.  സുന്നി  വിമതർ നുഴഞ്ഞു കയറുന്നത് തടയുന്നതിനാണ്  ഇറാക്കി സേന  അതിർത്തിയിൽ  നിലകൊണ്ടിരുന്നത്.  അതേസമയം,  സേനയെ പിൻവലിച്ചുവെന്ന വാർത്ത  ഇറാക്ക്   നിഷേധിച്ചു.  ''ജനങ്ങളുടെയും ഞങ്ങളുടെ ധീരരായ ഭടന്മാരുടെയും ആത്മവിശ്വാസം കെടുത്തുന്ന രീതിയിലുള്ള തെറ്റായ വാർത്തയാണ് പരക്കുന്നത്""- ഇറാക്ക്   പട്ടാളത്തിന്റെ വക്താവ് പറഞ്ഞു.

എന്നാൽ, അതിർത്തിപ്രദേശം  തങ്ങളുടെ സേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന്  ബാഗ്ദാദിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.  സൗദി അറേബ്യയുമായി  ഇറാക്ക് 800 കിലോ മീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.  അമേരിക്കയുമായി ചങ്ങാത്തത്തിലുള്ള   സൗദി അറേബ്യ പത്ത് വർഷം മുമ്പ് അൽ ക്വ ഇദയുടെ ഭീഷണി തരണം ചെയ്തിരുന്നു. എങ്കിലും,   ഐ.എസ്.ഐ.എസ്  ഭീകരർ  കഴിഞ്ഞ ഒരു മാസം കൊണ്ട്  ദ്രുതഗതിയിൽ  ഇറാക്കിന്റെ പല ഭാഗങ്ങളും കൈയടക്കിയതോടെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഒഴിവാക്കാൻ  സൗദി അറേബ്യ ജാഗരൂകരാണ് എന്നാണ് നടപടി വ്യക്തമാക്കുന്നത്.  സൗദിയുടെയും സിറിയയുടെയും അതിർത്തികളിലുണ്ടായിരുന്ന  സംരക്ഷണം  വേണ്ടെന്ന് വച്ച്  ഇറാക്ക് സേന പിന്മാറിയെന്ന്  അറിഞ്ഞയുടൻ സൗദി  അറേബ്യ സേനയെ വിന്യസിച്ചതായി 'അൽ അറേബ്യ"യുടെ വെബ്സൈറ്റിൽ പറയുന്നു. അതിർത്തിയിൽ നിന്ന് പിൻവാങ്ങിയ സംഘത്തിൽ പെട്ടവരെന്ന്  കരുതുന്ന ഏതാണ്ട്  2,500 ഭടന്മാർ ഇറാക്കിലെ കർബല നഗരത്തിനടുത്ത്  മണലാരണ്യത്തിൽ തങ്ങുന്ന  വീഡിയോയും  'അൽ അറേബ്യ" പുറത്തുവിട്ടു.  തങ്ങളോട്  അതിർത്തിയിൽ നിന്ന് പിന്മാറാൻ  ഉത്തരവിട്ടതായി ഒരു പട്ടാള ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ,  വീഡിയോയുടെ ആധികാരികത വ്യക്തമാകേണ്ടതുണ്ട്.

ഭീകരഭീഷണിക്ക് സാദ്ധ്യത കണക്കിലെടുത്ത്  രാജ്യത്ത് എല്ലാ വിധത്തിലുമുള്ള സംരക്ഷണ മാർഗങ്ങൾ ഏർപ്പെടുത്താൻ സൗദി രാജാവ് അബ്ദുള്ള  ഉത്തരവിട്ടതായി  സൗദി  വാർത്താ ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്തു. അതേസമയം,   ഇറാക്ക് അതിർത്തിയേക്കാൾ സുന്നി ഭീകരർക്ക്   സൗദി അറേബ്യയിലേക്ക്  എളുപ്പം  കയറാൻ കഴിയുക    ജോർദ്ദാൻ വഴിയാണെന്ന് ഗൾഫിലെ നയതന്ത്രമേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

No comments:

Post a Comment