Followers

Tuesday, July 22, 2014

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഓർമ്മകൾക്ക് ഇന്ന് 77 വർഷം


ഐതിഹ്യമാലയുടെ കര്‍ത്താവ്‌ എന്ന വിശേഷണം മാത്രം മതിയാവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രതിഭ തിരിച്ചറിയാന്‍.

ജീവിതത്തിന്‍റെ ചെറുകാലം പലര്‍ക്കും ഒന്നിനും തികയാറില്ല. എന്നാല്‍ കൊട്ടരത്തില്‍ ശങ്കുണ്ണി ജീവിതത്തെ കര്‍മ്മനിരതമായ മനസ്സുകൊണ്ട്‌ പഠിച്ച വ്യക്തിയാണ്‌.

തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന ഐതിഹ്യകഥകള്‍ വരമൊഴിയിലാക്കി മലയാളിയ്ക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി ഓർമ്മയായിട്ട് ഇന്നേക്ക് 77 വർഷം .

കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ശങ്കുണ്ണി പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.
പതിനാറാം വയസ്സിനു ശേഷം മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു.

1898 മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. ആദ്യം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിരുന്നു തുടങ്ങിയതെങ്കിലുംഅദ്ദേഹത്തിന്റെ അന്ത്യം വരെ തുടര്‍ന്നു പോന്ന ഒരു പരമ്പരയായി ഐതിഹ്യമാല മാറി. 8 ഭാഗങ്ങളായാണ് ഐതിഹ്യമാല ആദ്യം പ്രകാശിപ്പിച്ചത്.

പച്ചമലയാള പ്രസ്ഥാനത്തെ പോഷിപ്പിച്ചവരില്‍ പ്രമുഖനായിരുന്നു കൊട്ടാരത്തില്‍ ശങ്കുണ്ണി. തര്‍ജ്ജമകള്‍ ഉള്‍പ്പെടെ ധാരാളം കൃതികള്‍ രചിച്ചു. വിക്രമോര്‍വ്വശീയം, മാലതീ മാധവം എന്നീ സംസ്കൃത നാടകങ്ങള്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി.

കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വര്‍ണ്ണമെഡലും അടക്കം തിരുവിതാംകൂര്‍ , കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ രാജസദസ്സുകളില്‍ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും പുരസ്ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 1937 ജൂലൈ 22ന് അദ്ദേഹം വിടവാങ്ങുമ്പോൾ മലയാള ഭാഷക്ക് തന്നെ അതൊരു തീരാനഷ്ടമായി മാറി .

No comments:

Post a Comment