Followers

Thursday, September 4, 2014

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. .ആണ്ടിലൊരിക്കൽ പപ്പടവുംഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ,നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌., ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയുംപ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇലവയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേപച്ചമോര്‌ നിർബന്ധം. ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
കുടിൽ മുതൽ കൊട്ടാരം വരെ നീളുന്ന സമഭാവനയുടെ ഈ ആഘോഷം മഹത്തായ ഒരു സന്ദേശം കൂടിയാണ്

Friday, August 29, 2014

ഓണത്തിന്റെ ഐതിഹ്യംകേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം നല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും.
ഈ യുഗത്തിലെ ഇന്ദ്രന്‍റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.
ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് വിശ്വരൂപം കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവാന്‍റെ വിശ്വരൂപം കണ്ടിരുന്നു.
പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം.
പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്. പരിണാമ സിദ്ധാന്തത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്.
എന്നാല്‍ എല്ലാത്തരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.
ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്‍റെ അടിസ്ഥാനവുമിതാണ്

Thursday, August 28, 2014

ഇന്ന് വിനായക ചതുര്‍ഥി .

ഇന്ന് വിനായക ചതുര്‍ഥി .പരമ ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മ ദിനമാണ് വിനായക ചതുര്‍ഥി. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഈ ദിനത്തില്‍ വിഘ്നേശ്വരനായ ഗണപതി ഭഗവാന്‍ ഭക്തര്‍ക്ക് ദര്‍ശനം അരുളുന്നു. ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി യാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി . ഗണേശചതുര്‍ഥി എന്നും അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു .
ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിനമാണ് നീണ്ട് നില്‍ക്കുന്നത്. അനന്ത ചതുര്‍ദശിക്കാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ശുഭ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്റെ അനുഗ്രഹം നേടുന്നത് മാര്‍ഗതടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. മൂഷികവാഹനന്‍, മോദകപ്രിയന്‍, ഗണപതി, വിഘ്നേശ്വരന്‍, ഗജാനനന്‍ എന്നിങ്ങനെ പല പേരുകളിലും ഗണേശന്‍ അറിയപ്പെടുന്നു. ഗണേശന്റെ അനുഗ്രഹം ജീവിതത്തിലെ വിഷമതകളില്‍ നിന്നുള്ള മോചനത്തിന് സഹായിക്കും. അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും വിനായക ചതുര്‍ഥി ആഘോഷിക്കുന്നു. ഭക്ഷണപ്രിയനായ ഗണേശന് കൊഴുക്കട്ടകള്‍ നിവേദിക്കുന്നത് ഈ ദിനത്തിലെ സവിശേഷതയാണ്. ഉത്തരേന്ത്യയില്‍ ഉയരം കൂടിയ വിനായക പ്രതിമ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചും വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയുമാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാനദിവസം പ്രതിമകള്‍ കടലിലും പുഴയിലും ഒഴുക്കുകയാണ് പതിവ് .
ഗണപതി എന്ന സങ്കല്പം തന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് . നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി . എല്ലാ ദേവതകളെയും പോലെ ഗണേശനും രൂപ കല്പനയുണ്ട് .ഭാവങ്ങളിലും പ്രത്യേകതയുണ്ട്. അഷ്ട ഗണപതിയെന്നു പറയപ്പെടുന്നു.. വാഹനം മൂഷികന്‍‌ .ശിരസ്സു ആനയുടെ പോലെ –പ്രണവാകാരത്തിനെയും,ബുദ്ധി ശക്തിയെയും,അറിവിനെയും അത് സൂചിപ്പിക്കുന്നു.ഒറ്റക്കൊമ്പ് -അദ്വൈത ചിന്താ ശക്തിയെ സൂചിപ്പിക്കുന്നു.ശരീരം-പ്രപഞ്ചത്തിനെ സൂചിപ്പിക്കുന്നു.
നാല് കൈകള്‍ - ചിത്തം,ബുദ്ധി ,അഹങ്കാരം ,മനസ് എന്നിവയെ സൂചിപ്പിക്കുന്നു
ഓം കാരമായി കണക്കാക്കുന്ന വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ് .
ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ

Tuesday, August 26, 2014

ബാലൻ കെ നായർ :നടന വൈഭവത്തിന്റെ നായകൻ.

അഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും വില്ലൻ വേഷങ്ങളാണെങ്കിലും നടന വൈഭവത്തിൽ നായകനായിരുന്ന ബാലൻ കെ നായർ ഓർമ്മയായിട്ട് ഇന്ന് 14 വർഷം തികയുന്നു . ഓപ്പോളിലെ വിമുക്തഭടനായ ഗോവിന്ദൻ കുട്ടിയും ചാട്ടയിലെ കാള വേലുവും അതിഥിയിലെ ശേഖരനും തച്ചോളി അമ്പുവിലെ മായൻ കുട്ടിയും പിന്നെ സിനിമാശാലകളെ പ്രകമ്പനം കൊള്ളിച്ച നിരവധി വില്ലൻ വേഷങ്ങളും സിനിമാസ്വാദകർക്ക് കാഴ്ചവിരുന്ന് തന്നെയായിരുന്നു .
1933 ൽ ചേമഞ്ചേരിയിൽ ജനിച്ച ബാലകൃഷ്ണൻ നായർ കാലാന്തരത്തിൽ ബാലൻ കെ നായരായി പരിണമിച്ചതും അരങ്ങിലൂടെത്തന്നെയായിരുന്നു . സുഭാഷ് തീയറ്റേഴ്സ് എന്ന പേരിൽ സ്വന്തം ട്രൂ‍പ്പ് തുടങ്ങിയപ്പോഴായിരുന്നു ആ പരിണാമം . നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട് . 1970 ൽ വിൻസന്റ് സംവിധാനം ചെയ്ത നിഴലാട്ടമായിരുന്നു ആദ്യ സിനിമ . ഓപ്പോളിലെ വിമുക്തഭടന്റെ വേഷത്തിന് 1980 ൽ ദേശീയ അവാർഡ് ലഭിച്ചു . സംസ്ഥാന സർക്കാരിന്റെ സഹനടനുള്ള അവാർഡ് രണ്ടു വട്ടം നേടിയിട്ടുണ്ട് . 1992 ൽ കെ ജി രാജശേഖരൻ സംവിധാനം ചെയ്ത സിഹധ്വനിയാണ് അവസാന ചിത്രം .
2000 ഓഗസ്റ്റ് 26 ന് ആ അഭിനയ പ്രതിഭ ഭൌതിക ജീവിതത്തിലെ വേഷമഴിച്ച് , അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അനശ്വരനായിത്തീർന്നു .

Monday, August 25, 2014

കേരള ഗാന്ധിയെ ഓർക്കുമ്പോൾ ..

കേരളത്തിന്റെ സാമൂഹ്യരംഗം ഉഴുതുമറിച്ച് നവോത്ഥാനത്തിന്റെ വിത്തുപാകിയവരിൽ പ്രധാനിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കേളപ്പജിയുടെ ജന്മദിനമാണ് ആഗസ്റ്റ് 24 . മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളിൽ മാത്രമല്ല ഗുരുവായൂർ സത്യാഗ്രഹം ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളിലും കെ കേളപ്പൻ മുൻ നിരയിൽത്തന്നെയുണ്ടായിരുന്നു .
1889 ആഗസ്റ്റ് 24 നു കൊയിലാണ്ടിയിലെ മുചുകുന്നിലാണ് ജനനം . പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ചേർന്നു പഠിച്ചു . തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോഴാണ് സാമൂഹ്യപ്രവത്തനത്തിലേക്കിറങ്ങുന്നത് . ഖിലാഫത്ത് പ്രസ്ഥാനം അക്രമാസക്തമായപ്പോൾ സമാധാനത്തിനു വേണ്ടി യത്നിച്ച കേളപ്പൻ ലഹളയുടെ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് 11 മാസം ജയിലിലായിരുന്നു .മാതൃഭൂമിയുടെ സ്ഥാപകമാനേജർ ആയതും ഇക്കാലത്താണ്. വൈക്കം , ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടുത്ത് അയിത്തോച്ചാടന പ്രവർത്തനത്തിനു നേതൃത്വം നൽകി .
അവർണ സമുദായത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടപ്പോൾ ഗോപാലപുരത്ത് പഞ്ചമി എന്ന പേരിൽ കേളപ്പജി സ്കൂൾ തുടങ്ങി .കേരള അന്ത്യജനോദ്ധാരണ സംഘം ശ്രദ്ധാനന്ദ വിദ്യാലയം തുടങ്ങിയവ ആരംഭിച്ചു .
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം തകരണമെന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെന്ന കമ്മ്യൂണിസ്റ്റ് പ്രാഗ് രൂപം പറഞ്ഞപ്പോൾ അതിനെ നിശിതമായി എതിർത്ത കേളപ്പജി അവർക്ക് അനഭിമതനായി . (കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തിനെ വധിക്കാൻ ശ്രമിച്ചെന്ന് ഈയടുത്ത കാലത്ത് പ്രസിദ്ധ ചരിത്രകാരൻ എം ജി എസ് നാരായണൻ വെളിപ്പെടുത്തിയിരുന്നു ) മുസ്ലിം ഭൂരിപക്ഷ ജില്ലയുണ്ടാക്കാനുള്ള തീരുമാനത്തെ എതിർത്ത് രാജ്യമെങ്ങും സഞ്ചരിച്ച് പ്രക്ഷോഭം നടത്തി , അങ്ങാടിപ്പുറത്തെ ശിവഭക്തരുടെ ആരാധനാ സ്വാതന്ത്ര്യം സർക്കാർ തടഞ്ഞതിനെത്തുടർന്ന് നടത്തിയ പ്രക്ഷോഭത്തിൽ ക്ഷേത്ര സംരക്ഷണ സമിതിക്കൊപ്പം അദ്ദേഹം പങ്കാളിയായി .1971 ഒക്റ്റോബർ 7 ന് കേളപ്പജിയുടെ ഭൌതിക ജീവിതം അവസാനിച്ചു .
യഥാർത്ഥ ഗാന്ധിയനും അനീതിയെ മതം നോക്കാതെ എതിത്ത ശരിയായ സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന , കേരള ഗാന്ധി കെ കേളപ്പന്റെ ഓർമ്മകൾക്ക് മുന്നിൽ ജനം ടി വി യുടെ പ്രണാമങ്ങൾ .

Tuesday, August 19, 2014

കേരളത്തിലെ 'ആദ്യത്തെ കമ്മ്യൂണിസ്റ്റ്'

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പി. കൃഷ്ണപിള്ള ജനിച്ചതും മരിച്ചതും ഇതേദിവസമാണ്. 1906 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം. എല്ലാവരും 'സഖാവ്" എന്ന് ബഹുമാനപുരസ്സരം വിളിച്ചിരുന്ന കൃഷ്ണപിള്ള കേരളത്തിലെ 'ആദ്യത്തെ കമ്മ്യൂണിസ്റ്റ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിൽ മുഖ്യപങ്കു വഹിച്ചു. തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും മലബാറിലെ കർഷക തൊഴിലാളി സമരങ്ങളിലും നേതൃത്വം വഹിച്ചു. ആലപ്പുഴയിൽ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ൽ പാമ്പുകടിയേറ്റ് കൃഷ്ണപിള്ള അന്തരിച്ചു.

Saturday, August 16, 2014

Malayalees New Year Chingam1 17 August 2014 മലയാളികളുടെ പുതുവര്‍ഷം ചിങ്ങം ഒന്ന് 1190

സമൃദ്ധിയുടെയും വിളവെടുപ്പിന്‍റെയും ഓര്‍മ്മപ്പെടുത്തലുകളുമായി ചിങ്ങം ഒന്ന് വീണ്ടുമെത്തി. മലയാളികളുടെ പുതുവത്സരപ്പുലരിയില്‍ ഇനി പൂവിളികളുടെയും ആരവങ്ങളുടെയും നാളുകള്‍..ചിങ്ങത്തെ ഐശ്വര്യത്തോട് ചേര്‍ത്തേ ചിന്തിക്കാനാവൂ മലയാളിക്ക്. ചിങ്ങം പിറക്കുമ്പോള്‍ പുതിയൊരു പ്രതീക്ഷയോ കണക്കുകൂട്ടലോ ഇല്ലാത്ത മലയാളിയുമില്ല. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. ചിങ്ങം വേഗം വന്നെത്താനും പഞ്ഞമൊടുങ്ങാനും കൊതിക്കാത്തവരുമില്ല. സുഖചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നിടുമ്പോള്‍ ആഹ്ളാദപ്പിറപ്പിന്റെ ചിങ്ങം അതാ മുന്നില്‍. ചിങ്ങപ്പിറപ്പിലും വിഷുവിനെന്ന പോലെ ഐശ്വര്യക്കണി കാണല്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഭക്തി പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം.സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സസിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരു കൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. പ്രത്യേകിച്ചും ഹിന്ദുക്കള്‍. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഉത്സവവും ഈ ദിവസം ഉണ്ടാവും. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസങ്ങളിൽ ചില സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ്‌ പുതുവത്സരം. പല രാജ്യങ്ങളിലുമായുള്ള വ്യത്യസ്ത കലണ്ടർ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവഝരത്തിൽ നിന്ന് അടുത്ത പുതുവഝരത്തിലേക്ക് മുന്നൂറ്റിയമ്പത്തിയാറേ കാൽ ദിവസം വരും കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.പുതുവത്സരം സമാഗതമായി. ഒരുപാട് പ്രതീക്ഷകളായി പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം. പലര്‍ക്കും കുടുംബത്തില്‍ പുതു അംഗങ്ങള്‍ പിറന്ന വര്‍ഷം അതുപോലെ നമ്മുടെ ഉറ്റവര്‍ വിട്ടുപിരിഞ്ഞ നിമിഷം. ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു ലോക ജനതയുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു