Followers

Monday, August 25, 2014

കേരള ഗാന്ധിയെ ഓർക്കുമ്പോൾ ..

കേരളത്തിന്റെ സാമൂഹ്യരംഗം ഉഴുതുമറിച്ച് നവോത്ഥാനത്തിന്റെ വിത്തുപാകിയവരിൽ പ്രധാനിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കേളപ്പജിയുടെ ജന്മദിനമാണ് ആഗസ്റ്റ് 24 . മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളിൽ മാത്രമല്ല ഗുരുവായൂർ സത്യാഗ്രഹം ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളിലും കെ കേളപ്പൻ മുൻ നിരയിൽത്തന്നെയുണ്ടായിരുന്നു .
1889 ആഗസ്റ്റ് 24 നു കൊയിലാണ്ടിയിലെ മുചുകുന്നിലാണ് ജനനം . പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ചേർന്നു പഠിച്ചു . തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോഴാണ് സാമൂഹ്യപ്രവത്തനത്തിലേക്കിറങ്ങുന്നത് . ഖിലാഫത്ത് പ്രസ്ഥാനം അക്രമാസക്തമായപ്പോൾ സമാധാനത്തിനു വേണ്ടി യത്നിച്ച കേളപ്പൻ ലഹളയുടെ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് 11 മാസം ജയിലിലായിരുന്നു .മാതൃഭൂമിയുടെ സ്ഥാപകമാനേജർ ആയതും ഇക്കാലത്താണ്. വൈക്കം , ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടുത്ത് അയിത്തോച്ചാടന പ്രവർത്തനത്തിനു നേതൃത്വം നൽകി .
അവർണ സമുദായത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടപ്പോൾ ഗോപാലപുരത്ത് പഞ്ചമി എന്ന പേരിൽ കേളപ്പജി സ്കൂൾ തുടങ്ങി .കേരള അന്ത്യജനോദ്ധാരണ സംഘം ശ്രദ്ധാനന്ദ വിദ്യാലയം തുടങ്ങിയവ ആരംഭിച്ചു .
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം തകരണമെന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെന്ന കമ്മ്യൂണിസ്റ്റ് പ്രാഗ് രൂപം പറഞ്ഞപ്പോൾ അതിനെ നിശിതമായി എതിർത്ത കേളപ്പജി അവർക്ക് അനഭിമതനായി . (കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തിനെ വധിക്കാൻ ശ്രമിച്ചെന്ന് ഈയടുത്ത കാലത്ത് പ്രസിദ്ധ ചരിത്രകാരൻ എം ജി എസ് നാരായണൻ വെളിപ്പെടുത്തിയിരുന്നു ) മുസ്ലിം ഭൂരിപക്ഷ ജില്ലയുണ്ടാക്കാനുള്ള തീരുമാനത്തെ എതിർത്ത് രാജ്യമെങ്ങും സഞ്ചരിച്ച് പ്രക്ഷോഭം നടത്തി , അങ്ങാടിപ്പുറത്തെ ശിവഭക്തരുടെ ആരാധനാ സ്വാതന്ത്ര്യം സർക്കാർ തടഞ്ഞതിനെത്തുടർന്ന് നടത്തിയ പ്രക്ഷോഭത്തിൽ ക്ഷേത്ര സംരക്ഷണ സമിതിക്കൊപ്പം അദ്ദേഹം പങ്കാളിയായി .1971 ഒക്റ്റോബർ 7 ന് കേളപ്പജിയുടെ ഭൌതിക ജീവിതം അവസാനിച്ചു .
യഥാർത്ഥ ഗാന്ധിയനും അനീതിയെ മതം നോക്കാതെ എതിത്ത ശരിയായ സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന , കേരള ഗാന്ധി കെ കേളപ്പന്റെ ഓർമ്മകൾക്ക് മുന്നിൽ ജനം ടി വി യുടെ പ്രണാമങ്ങൾ .

No comments:

Post a Comment