Followers

Thursday, August 7, 2014

ദേശീയഗാനത്തിന്റെ കവിക്ക് രാഷ്ട്രത്തിന്റെ പ്രണാമങ്ങൾ .

ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളുടെ കർത്താവ് , നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ , സാമൂഹ്യ പരിഷ്കർത്താവ് , തത്വചിന്തകൻ , കഥാകാരൻ , നോവലിസ്റ്റ് , ചിത്രകാരൻ , സംഗീതജ്ഞൻ , സ്വാതന്ത്ര്യ സമര നായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനായ ‘ഗുരുദേവ് ‘ രബീന്ദ്ര നാഥ ടാഗോറിന്റെ 73 -ം ചരമവാർഷിക ദിനമായ ഇന്ന് രാഷ്ട്രം അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു .
ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടാണ് ഓരോ ശിശുവും ഭൂമിയിലെത്തുന്നത് എന്ന് പ്രഖ്യാപിച്ച ടാഗോർ എരിവെയിലിലും പെരുമഴയത്തും പണിചെയ്യുന്നവർക്കൊപ്പമാണ് ദൈവമെന്നും ഉദ്ഘോഷിച്ചു . യഥാർത്ഥ മനുഷ്യ സ്നേഹിയും ‘യത്ര വിശ്വം ഭവത്യേക നീഢം‘ എന്ന ഭാരതീയ പാരമ്പര്യത്തെ മുറുകെ പിടിച്ച് വിശാലമായ രാഷ്ട്ര ചിന്ത പുലർത്തിയ മഹാനുമായിരുന്നു ടാഗോർ . ഗാന്ധിജിക്ക് ‘മഹാത്മാ‘ എന്ന വിശേഷണം നൽകിയതും ടാഗോറാണ് . ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ സമ്മാനിച്ച നൈറ്റ് ഹുഡ് പട്ടം വലിച്ചെറിഞ്ഞ ടാഗോർ മനുഷ്യത്വത്തിനു തന്നെ അപമാനമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു
1861 മെയ് 7 ന് കൊൽക്കത്തയിൽ ദേബേന്ദ്ര നാഥ ടാഗോറിന്റെയും ശാരദാ ദേവിയുടെയും മകനായാണ് ടാഗോർ ജനിച്ചത് . സാഹിത്യത്തിലും രാഷ്ട്ര സേവനത്തിലും തത്പരരായിരുന്നു ടാഗോർ കുടുംബം . ബംഗാളിലെ നവോത്ഥാന കാലഘട്ടം ടാഗോറിനെയും കാര്യമായി സ്പർശിച്ചിരുന്നു . 8-ം വയസ്സിലാണ് ആദ്യ കവിത പുറത്തുവരുന്നത് . പതിനാറാം വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാ നാമത്തിൽ കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു . പിന്നീട് , മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ , അൻപത് നാടകങ്ങൾ , രണ്ടായിരത്തോളം ഗാനങ്ങൾ , തത്വചിന്താപരമായ ലേഖനങ്ങൾ , എട്ടോളം നോവലുകൾ തുടങ്ങി വിശാലമായ സാഹിത്യസഞ്ചയം തന്നെ ടാഗോർ സൃഷ്ടിച്ചു . സംഗീതത്തിൽ ‘രബീന്ദ്ര സംഗീതം‘ എന്ന സവിശേഷ ശൈലി വാർത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .അതിരുകളില്ലാത്ത ലോകദർശനം സാദ്ധ്യമാക്കുക എന്ന ആർഷ സംസ്കാരം നടപ്പിൽ വരുത്താൻ ആഗ്രഹിച്ച് വിശ്വഭാരതി എന്ന സർവകലാശാല അദ്ദേഹം ശാന്തിനികേതനിൽ സ്ഥാപിച്ചു .
ടാഗോറിന്റെ കൃതികൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . ലോക പ്രശസ്തരായ പല ചിന്തകന്മാരും എഴുത്തുകാരും ടാഗോർ കൃതികളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് .അവസാന നാളുകളിൽ രോഗശയ്യയിലായിരുന്ന അദ്ദേഹം 1941 ഓഗസ്റ്റ് 7നു ലോകത്തോട് വിടവാങ്ങി
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചിന്താശകലം ഉദ്ധരിച്ചു കൊണ്ട് വിശാലമായ മാനുഷിക ചിന്തയും രാഷ്ട്രബോധവും പ്രകടിപ്പിച്ച ദേശീയ ഗാനത്തിന്റെ കവിക്ക് ജനം ടി വി പ്രണാമമർപ്പിക്കുന്നു
"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക“

No comments:

Post a Comment