Followers

Monday, August 4, 2014

അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന് ഇന്ന് 85)o ജന്മദിനം.

ഹിന്ദി ചലച്ചിത്ര ഗാന രംഗത്തെ അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന് ഇന്ന് 85)o ജന്മദിനം. മണ്‍മറഞ്ഞ് പോയെങ്കിലും സംഗീത പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്നും കിഷോര്‍ കുമാര്‍ . മധ്യപ്രദേശിലെ ഖണ്ഡ്‌വയില്‍ 1929 ആഗസ്ത് 4 ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാര്‍ എന്ന പേരില്‍ ബോളിവുഡില്‍ എത്തുന്നത്. 1940 കളുടെ അവസാന കാലമായിരുന്നു അത്.കിഷോറിന്റെ മൂത്ത സഹോദരനായ അശോക് കുമാര്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയവും.. അറിയപ്പെടുന്ന ഒരു ഗായകനാവണം എന്നായിരുന്നു അന്നും കിഷോറിന്റെ ആഗ്രഹം. അശോക് കുമാറിന്റെ സ്വാധീനംകൊണ്ട് കിഷോറിന് ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അവയില്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു. എങ്കിലും അദ്ദേഹം പിന്‍മാറിയില്ല. കാരണം ആ സിനിമകളിലൊക്കെ പാടാന്‍ അവസരം ലഭിച്ചിരുന്നു.കിഷോറിനെ അതിപ്രശസ്തനാക്കിയ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചത് ആര്‍.ഡി. ബര്‍മനായിരുന്നു. മേരെ സപ്‌നോം കി റാണി, രൂപ് തേരാ മസ്താന തുടങ്ങിയ ഗാനങ്ങളാണു കിഷോറിനെ ബോളിവുഡിന്റെ ഗായകനായി പ്രതിഷ്ടിച്ചത് . രൂപ് തേരായുടെ ആലാപനത്തിന് ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. അയോധ്യ എന്ന ചിത്രത്തില്‍ പ്രേംനസീര്‍ പാടി അഭിനയിച്ച എബിസിഡി ചേട്ടന്‍ കേഡി അനിയനു പേടി എന്ന ഗാനം കിഷോര്‍ കുമാറാണ് ആലപിച്ചത്.. മലയാളത്തില്‍ കിഷോര്‍ പാടിയ ഏകഗാനം ഇതാണ്. സകലകലാ വല്ലഭന്‍ എന്ന വിശേഷണത്തിനപ്പുറത്തേക്ക് വളര്‍ന്ന മഹാനായിരുന്നു കിഷോര്‍ കുമാര്‍.. ബോളിവുഡിലെ സമകാലികരായ മറ്റ് പിന്നണിഗായകരില്‍നിന്നും കിഷോര്‍ കുമാറിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം സിനിമയുടെ എല്ലാതലങ്ങളിലും തന്‍റെ സാന്നിധ്യമറിയിച്ചു എന്നതിനാലാണ്. ഗായകന് പുറമേ അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ രംഗങ്ങളിലും അദ്ദേഹം ശ്രദ്ധേയനായി. 1987 ഒക്ടോബര്‍ 13 ന് 58)o വയസ്സില്‍ ആ ഗാനസാമ്രാട്ട് ഈ ലോകത്തോട്‌ വിട പറഞ്ഞു.

No comments:

Post a Comment