Followers

Friday, August 29, 2014

ഓണത്തിന്റെ ഐതിഹ്യം



കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം നല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും.
ഈ യുഗത്തിലെ ഇന്ദ്രന്‍റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.
ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് വിശ്വരൂപം കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവാന്‍റെ വിശ്വരൂപം കണ്ടിരുന്നു.
പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം.
പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്. പരിണാമ സിദ്ധാന്തത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്.
എന്നാല്‍ എല്ലാത്തരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.
ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്‍റെ അടിസ്ഥാനവുമിതാണ്

Thursday, August 28, 2014

ഇന്ന് വിനായക ചതുര്‍ഥി .

ഇന്ന് വിനായക ചതുര്‍ഥി .പരമ ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മ ദിനമാണ് വിനായക ചതുര്‍ഥി. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഈ ദിനത്തില്‍ വിഘ്നേശ്വരനായ ഗണപതി ഭഗവാന്‍ ഭക്തര്‍ക്ക് ദര്‍ശനം അരുളുന്നു. ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി യാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി . ഗണേശചതുര്‍ഥി എന്നും അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു .
ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിനമാണ് നീണ്ട് നില്‍ക്കുന്നത്. അനന്ത ചതുര്‍ദശിക്കാണ് ആഘോഷങ്ങള്‍ അവസാനിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ശുഭ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഗണേശന്റെ അനുഗ്രഹം നേടുന്നത് മാര്‍ഗതടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. മൂഷികവാഹനന്‍, മോദകപ്രിയന്‍, ഗണപതി, വിഘ്നേശ്വരന്‍, ഗജാനനന്‍ എന്നിങ്ങനെ പല പേരുകളിലും ഗണേശന്‍ അറിയപ്പെടുന്നു. ഗണേശന്റെ അനുഗ്രഹം ജീവിതത്തിലെ വിഷമതകളില്‍ നിന്നുള്ള മോചനത്തിന് സഹായിക്കും. അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും വിനായക ചതുര്‍ഥി ആഘോഷിക്കുന്നു. ഭക്ഷണപ്രിയനായ ഗണേശന് കൊഴുക്കട്ടകള്‍ നിവേദിക്കുന്നത് ഈ ദിനത്തിലെ സവിശേഷതയാണ്. ഉത്തരേന്ത്യയില്‍ ഉയരം കൂടിയ വിനായക പ്രതിമ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചും വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയുമാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാനദിവസം പ്രതിമകള്‍ കടലിലും പുഴയിലും ഒഴുക്കുകയാണ് പതിവ് .
ഗണപതി എന്ന സങ്കല്പം തന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് . നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി . എല്ലാ ദേവതകളെയും പോലെ ഗണേശനും രൂപ കല്പനയുണ്ട് .ഭാവങ്ങളിലും പ്രത്യേകതയുണ്ട്. അഷ്ട ഗണപതിയെന്നു പറയപ്പെടുന്നു.. വാഹനം മൂഷികന്‍‌ .ശിരസ്സു ആനയുടെ പോലെ –പ്രണവാകാരത്തിനെയും,ബുദ്ധി ശക്തിയെയും,അറിവിനെയും അത് സൂചിപ്പിക്കുന്നു.ഒറ്റക്കൊമ്പ് -അദ്വൈത ചിന്താ ശക്തിയെ സൂചിപ്പിക്കുന്നു.ശരീരം-പ്രപഞ്ചത്തിനെ സൂചിപ്പിക്കുന്നു.
നാല് കൈകള്‍ - ചിത്തം,ബുദ്ധി ,അഹങ്കാരം ,മനസ് എന്നിവയെ സൂചിപ്പിക്കുന്നു
ഓം കാരമായി കണക്കാക്കുന്ന വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ് .
ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ

Tuesday, August 26, 2014

ബാലൻ കെ നായർ :നടന വൈഭവത്തിന്റെ നായകൻ.

അഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും വില്ലൻ വേഷങ്ങളാണെങ്കിലും നടന വൈഭവത്തിൽ നായകനായിരുന്ന ബാലൻ കെ നായർ ഓർമ്മയായിട്ട് ഇന്ന് 14 വർഷം തികയുന്നു . ഓപ്പോളിലെ വിമുക്തഭടനായ ഗോവിന്ദൻ കുട്ടിയും ചാട്ടയിലെ കാള വേലുവും അതിഥിയിലെ ശേഖരനും തച്ചോളി അമ്പുവിലെ മായൻ കുട്ടിയും പിന്നെ സിനിമാശാലകളെ പ്രകമ്പനം കൊള്ളിച്ച നിരവധി വില്ലൻ വേഷങ്ങളും സിനിമാസ്വാദകർക്ക് കാഴ്ചവിരുന്ന് തന്നെയായിരുന്നു .
1933 ൽ ചേമഞ്ചേരിയിൽ ജനിച്ച ബാലകൃഷ്ണൻ നായർ കാലാന്തരത്തിൽ ബാലൻ കെ നായരായി പരിണമിച്ചതും അരങ്ങിലൂടെത്തന്നെയായിരുന്നു . സുഭാഷ് തീയറ്റേഴ്സ് എന്ന പേരിൽ സ്വന്തം ട്രൂ‍പ്പ് തുടങ്ങിയപ്പോഴായിരുന്നു ആ പരിണാമം . നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട് . 1970 ൽ വിൻസന്റ് സംവിധാനം ചെയ്ത നിഴലാട്ടമായിരുന്നു ആദ്യ സിനിമ . ഓപ്പോളിലെ വിമുക്തഭടന്റെ വേഷത്തിന് 1980 ൽ ദേശീയ അവാർഡ് ലഭിച്ചു . സംസ്ഥാന സർക്കാരിന്റെ സഹനടനുള്ള അവാർഡ് രണ്ടു വട്ടം നേടിയിട്ടുണ്ട് . 1992 ൽ കെ ജി രാജശേഖരൻ സംവിധാനം ചെയ്ത സിഹധ്വനിയാണ് അവസാന ചിത്രം .
2000 ഓഗസ്റ്റ് 26 ന് ആ അഭിനയ പ്രതിഭ ഭൌതിക ജീവിതത്തിലെ വേഷമഴിച്ച് , അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അനശ്വരനായിത്തീർന്നു .

Monday, August 25, 2014

കേരള ഗാന്ധിയെ ഓർക്കുമ്പോൾ ..

കേരളത്തിന്റെ സാമൂഹ്യരംഗം ഉഴുതുമറിച്ച് നവോത്ഥാനത്തിന്റെ വിത്തുപാകിയവരിൽ പ്രധാനിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കേളപ്പജിയുടെ ജന്മദിനമാണ് ആഗസ്റ്റ് 24 . മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളിൽ മാത്രമല്ല ഗുരുവായൂർ സത്യാഗ്രഹം ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളിലും കെ കേളപ്പൻ മുൻ നിരയിൽത്തന്നെയുണ്ടായിരുന്നു .
1889 ആഗസ്റ്റ് 24 നു കൊയിലാണ്ടിയിലെ മുചുകുന്നിലാണ് ജനനം . പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും ചേർന്നു പഠിച്ചു . തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോഴാണ് സാമൂഹ്യപ്രവത്തനത്തിലേക്കിറങ്ങുന്നത് . ഖിലാഫത്ത് പ്രസ്ഥാനം അക്രമാസക്തമായപ്പോൾ സമാധാനത്തിനു വേണ്ടി യത്നിച്ച കേളപ്പൻ ലഹളയുടെ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് 11 മാസം ജയിലിലായിരുന്നു .മാതൃഭൂമിയുടെ സ്ഥാപകമാനേജർ ആയതും ഇക്കാലത്താണ്. വൈക്കം , ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ പങ്കെടുത്ത് അയിത്തോച്ചാടന പ്രവർത്തനത്തിനു നേതൃത്വം നൽകി .
അവർണ സമുദായത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടപ്പോൾ ഗോപാലപുരത്ത് പഞ്ചമി എന്ന പേരിൽ കേളപ്പജി സ്കൂൾ തുടങ്ങി .കേരള അന്ത്യജനോദ്ധാരണ സംഘം ശ്രദ്ധാനന്ദ വിദ്യാലയം തുടങ്ങിയവ ആരംഭിച്ചു .
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം തകരണമെന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെന്ന കമ്മ്യൂണിസ്റ്റ് പ്രാഗ് രൂപം പറഞ്ഞപ്പോൾ അതിനെ നിശിതമായി എതിർത്ത കേളപ്പജി അവർക്ക് അനഭിമതനായി . (കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തിനെ വധിക്കാൻ ശ്രമിച്ചെന്ന് ഈയടുത്ത കാലത്ത് പ്രസിദ്ധ ചരിത്രകാരൻ എം ജി എസ് നാരായണൻ വെളിപ്പെടുത്തിയിരുന്നു ) മുസ്ലിം ഭൂരിപക്ഷ ജില്ലയുണ്ടാക്കാനുള്ള തീരുമാനത്തെ എതിർത്ത് രാജ്യമെങ്ങും സഞ്ചരിച്ച് പ്രക്ഷോഭം നടത്തി , അങ്ങാടിപ്പുറത്തെ ശിവഭക്തരുടെ ആരാധനാ സ്വാതന്ത്ര്യം സർക്കാർ തടഞ്ഞതിനെത്തുടർന്ന് നടത്തിയ പ്രക്ഷോഭത്തിൽ ക്ഷേത്ര സംരക്ഷണ സമിതിക്കൊപ്പം അദ്ദേഹം പങ്കാളിയായി .1971 ഒക്റ്റോബർ 7 ന് കേളപ്പജിയുടെ ഭൌതിക ജീവിതം അവസാനിച്ചു .
യഥാർത്ഥ ഗാന്ധിയനും അനീതിയെ മതം നോക്കാതെ എതിത്ത ശരിയായ സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന , കേരള ഗാന്ധി കെ കേളപ്പന്റെ ഓർമ്മകൾക്ക് മുന്നിൽ ജനം ടി വി യുടെ പ്രണാമങ്ങൾ .

Tuesday, August 19, 2014

കേരളത്തിലെ 'ആദ്യത്തെ കമ്മ്യൂണിസ്റ്റ്'

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പി. കൃഷ്ണപിള്ള ജനിച്ചതും മരിച്ചതും ഇതേദിവസമാണ്. 1906 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം. എല്ലാവരും 'സഖാവ്" എന്ന് ബഹുമാനപുരസ്സരം വിളിച്ചിരുന്ന കൃഷ്ണപിള്ള കേരളത്തിലെ 'ആദ്യത്തെ കമ്മ്യൂണിസ്റ്റ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിൽ മുഖ്യപങ്കു വഹിച്ചു. തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും മലബാറിലെ കർഷക തൊഴിലാളി സമരങ്ങളിലും നേതൃത്വം വഹിച്ചു. ആലപ്പുഴയിൽ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ൽ പാമ്പുകടിയേറ്റ് കൃഷ്ണപിള്ള അന്തരിച്ചു.

Saturday, August 16, 2014

Malayalees New Year Chingam1 17 August 2014 മലയാളികളുടെ പുതുവര്‍ഷം ചിങ്ങം ഒന്ന് 1190

സമൃദ്ധിയുടെയും വിളവെടുപ്പിന്‍റെയും ഓര്‍മ്മപ്പെടുത്തലുകളുമായി ചിങ്ങം ഒന്ന് വീണ്ടുമെത്തി. മലയാളികളുടെ പുതുവത്സരപ്പുലരിയില്‍ ഇനി പൂവിളികളുടെയും ആരവങ്ങളുടെയും നാളുകള്‍..ചിങ്ങത്തെ ഐശ്വര്യത്തോട് ചേര്‍ത്തേ ചിന്തിക്കാനാവൂ മലയാളിക്ക്. ചിങ്ങം പിറക്കുമ്പോള്‍ പുതിയൊരു പ്രതീക്ഷയോ കണക്കുകൂട്ടലോ ഇല്ലാത്ത മലയാളിയുമില്ല. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. ചിങ്ങം വേഗം വന്നെത്താനും പഞ്ഞമൊടുങ്ങാനും കൊതിക്കാത്തവരുമില്ല. സുഖചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നിടുമ്പോള്‍ ആഹ്ളാദപ്പിറപ്പിന്റെ ചിങ്ങം അതാ മുന്നില്‍. ചിങ്ങപ്പിറപ്പിലും വിഷുവിനെന്ന പോലെ ഐശ്വര്യക്കണി കാണല്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഭക്തി പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം.സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സസിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരു കൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. പ്രത്യേകിച്ചും ഹിന്ദുക്കള്‍. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഉത്സവവും ഈ ദിവസം ഉണ്ടാവും. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസങ്ങളിൽ ചില സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ്‌ പുതുവത്സരം. പല രാജ്യങ്ങളിലുമായുള്ള വ്യത്യസ്ത കലണ്ടർ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവഝരത്തിൽ നിന്ന് അടുത്ത പുതുവഝരത്തിലേക്ക് മുന്നൂറ്റിയമ്പത്തിയാറേ കാൽ ദിവസം വരും കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.പുതുവത്സരം സമാഗതമായി. ഒരുപാട് പ്രതീക്ഷകളായി പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം. പലര്‍ക്കും കുടുംബത്തില്‍ പുതു അംഗങ്ങള്‍ പിറന്ന വര്‍ഷം അതുപോലെ നമ്മുടെ ഉറ്റവര്‍ വിട്ടുപിരിഞ്ഞ നിമിഷം. ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു ലോക ജനതയുടെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു

Friday, August 15, 2014

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം:ആദ്യ മത്സരം കൊച്ചിയില്‍.

കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് കൊച്ചിയില്‍ നടക്കും‍. ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേലാണ് പരമ്പരയിലെ മത്സരക്രമം അറിയിച്ചത്. അഞ്ച് ഏകദിനങ്ങളും ഒരു 20 ട്വന്‍റി മത്സരവും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പരയിലുള്ളത്.
.ഏകദിനത്തിലെ രണ്ടാം മത്സരം ഒക്ടോബര്‍ 11ന് വിശാഖപട്ടണത്തും, 14ന് കട്ടക്കിലും, 17ന് കോല്‍ക്കത്തയിലും , 20ന് ധര്‍മശാലയിലും നടക്കും. പരമ്പരയിലെ ഏക 20 ട്വന്‍റി മത്സരം ഒക്ടോബര്‍ 22ന് ദല്‍ഹിയില്‍ നടക്കും.
ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ മൂന്നു വരെ ഹൈദരാബാദിലാണ്. രണ്ടാം ടെസ്റ്റ്‌ നവംബര്‍ മൂന്ന് മുതല്‍ 11 വരെ ബംഗളുരുവിലും മൂന്നാം ടെസ്റ്റ് നവംബര്‍ 15 മുതല്‍ 19 വരെ അഹമ്മദാബാദിലും നടക്കും.

Wednesday, August 13, 2014

ഇന്ത്യന്‍ വംശജര്‍ക്ക് ഗണിത ശാസ്ത്രത്തില്‍ ലോക അംഗീകാരം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരായ രണ്ട് പേര്‍ക്ക് ഗണിത ശാസ്ത്രത്തില്‍ ലോക അംഗീകാരം.ഗണിത ശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ് മെഡലിന് മഞ്ജുള്‍ ഭാര്‍ഗവയെ തിരഞ്ഞെടുത്തപ്പോള്‍ റോള്‍ഫ് നോവാന്‍ലിന്ന പുരസ്ക്കാരത്തിന് സുഭാഷ്‌ ഖോട്ട് അര്‍ഹനായി. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് യൂണിയനാണ് പുരസ്കാരം നല്‍കുന്നത്. പ്രിന്‍സ്ട്ടണ്‍ സര്‍വകലാശാലയില്‍ ഗണിത ശാസ്ത്രഞ്ജനാണ് മഞ്ജുള്‍ ഭാര്‍ഗവ.മഞ്ജുള്‍ ഭാര്‍ഗവയടക്കം നാലു പേരാണ് ഫീല്‍ഡ് അവാര്‍ഡിന് ഇത്തവണ അര്‍ഹരായത്. ജ്യാമിതിയ അക്കങ്ങളിലെ പുതിയ സമവാക്യങ്ങളുടെ കണ്ടെത്തലാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ വംശജന് ഫീല്‍ഡ് പുരസ്കാരം ലഭിക്കുന്നത്. ഇറാനിയന്‍ ഗണിത ശാസ്ത്രയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയുമായ മറിയം മിര്‍സാകാനി,ബ്രസീലില്‍ നിന്നുള്ള അര്‍തര്‍ അവീല,ഓസ്ട്രിയയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഹാരിയര്‍,എന്നിവരും ഫീല്‍ഡ് പുരസ്‌കാരം സ്വന്തമാക്കി.. 78 വര്‍ഷത്തെ ഫീല്‍ഡ് മെഡലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പുരസ്‌കാരം നേടുന്നത്. നാലു വര്‍ഷം കൂടുമ്പോഴാണ് 40 വയസ്സില്‍ താഴെയുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്ക് അവാര്‍ഡ് നല്‍കാറുള്ളത്. സോളില്‍ നടന്ന അന്താരാഷട്ര ഗണിതശാസ്ത്ര യൂണിയന്റെ സമ്മേളനത്തില്‍ വെച്ചാണ് ഇത്തവണ ജേതാക്കളെ പ്രഖ്യാപിച്ചത്.

Tuesday, August 12, 2014

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രംസാരാഭായിയാണ്

ലോകപ്രശസ്തനായഇന്ത്യൻ ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് ജനിച്ചത് 1919 ൽ ഇതേ ദിവസമാണ്. വിക്രംസാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്. തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പിയാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥമാണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തത്. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ്. മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. 1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.പത്മഭൂഷണും മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

Monday, August 11, 2014

ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ ജോസ് ജേക്കബിന്

ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ ജോസ് ജേക്കബിന്. സായിയിലെ പരിശീലകനായ ജോസ് ജേക്കബ്‌ ഒഡീഷ റോവിംഗ് കോച്ചാണ്.കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.കേന്ദ്ര കായിക മന്ത്രാലയം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. വിവിധ ദേശീയ മത്സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും നേടിയിട്ടുള്ള ജോസ് ജേക്കബ്‌ ,പല തവണ റോവിംഗ് ഫെഡറേഷന്‍റെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . റോവിംഗ് പരിശീലനത്തിടെ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ജോസ് ജേക്കബ്‌ പിന്നീട് നടന്ന ഒരു ദേശീയ മത്സരത്തില്‍ കൂടി സ്വര്‍ണ്ണം നേടിയിരുന്നു.

Sunday, August 10, 2014

1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്

1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്. തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു ഇത്. മാർത്താണ്ഡ വർമ്മയെ ആക്രമിക്കാൻ കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം ഡച്ച് പടയാളികളെത്തി. മാർത്താണ്ഡവർമ്മ സേനയുമായി ഇവരെ നേരിട്ടു. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ഡച്ചു കപ്പിത്താൻ ഡെ ലനോയ് ഉൾപ്പെടെയുള്ള ഡച്ച് പടയാളികൾ പിടിയിലായി. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് യുദ്ധം വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു

Saturday, August 9, 2014

നാഗസാക്കി അണുബോംബ് ആക്രമണത്തിന് 69 വയസ്

ടോക്കിയോ: നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചിട്ട് ഇന്ന് 69 വർഷം തികഞ്ഞു. 1945 ആഗസ്റ്റ് 9ന് രാവിലെ 11 മണിയോടെയാണ് നാഗസാക്കിയിൽ അണുബോംബ് പൊട്ടിത്തെറിച്ചത്. 70,​000ത്തോളം പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. സ്ഫോടനത്തിന്രെ അനന്തരഫലമായി പിന്നീടും നിരവധിപേർ മരിച്ചു വീണു. ഹിരോഷിമയിൽ ലോക ചരിത്രത്തിലാദ്യമായി അണുബോംബ് സ്ഫോടനം നടന്ന് 140000 പേർ ദാരുണമായി കൊല്ലപ്പെട്ട് മൂന്നു ദിവസത്തിന് ശേഷമാണ് നാഗസാക്കിയിൽ ദുരന്തമുണ്ടായത്.

Friday, August 8, 2014

ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി.

ബാഗ്ദാദ്: ഇറാഖില്‍ സുന്നി ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. ഇര്‍ബിലില്‍ കുര്‍ദ്ദുകളെ നേരിട്ട സുന്നി ഭീകരര്‍ക്ക്‌ നേരെയാണ് ആക്രമണം. കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശമായ. ഇര്‍ബിലിന് സമീപം ഐഎസ്‌ഐസിന്റെ ആയുധപ്പുരയ്ക്ക് നേരെ ബോംബ് വര്‍ഷം നടത്തിയതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇറാഖില്‍ വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്നലെ അനുമതി നല്‍കിയിരുന്നു. ആഭ്യന്തര യുദ്ധത്തിനിടയില്‍ കുടുങ്ങിപ്പോയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നടപടിയെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.. കഴിഞ്ഞ ദിവസം ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്ന് പലായനം ചെയ്ത നാല്പ്പതിനായിരത്തോളം വരുന്ന യാസിദി വിഭാഗത്തില്‍ പെട്ടവര്‍ വടക്കന്‍ ഇറാഖിന്‍റെ മലനിരകളില്‍ കുടുങ്ങി കിടക്കുകയാണ്.തീവ്രവാദി ആക്രമണങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് അമേരിക്കന്‍ വ്യോമസേന ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. രണ്ടു മാസം മുന്‍പ് ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൊസൂളിന്റെ നിയന്ത്രണം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ ഖറാഗോഷും ഭീകരരുടെ അധീനതയിലാണ് .

Thursday, August 7, 2014

ദേശീയഗാനത്തിന്റെ കവിക്ക് രാഷ്ട്രത്തിന്റെ പ്രണാമങ്ങൾ .

ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളുടെ കർത്താവ് , നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ , സാമൂഹ്യ പരിഷ്കർത്താവ് , തത്വചിന്തകൻ , കഥാകാരൻ , നോവലിസ്റ്റ് , ചിത്രകാരൻ , സംഗീതജ്ഞൻ , സ്വാതന്ത്ര്യ സമര നായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനായ ‘ഗുരുദേവ് ‘ രബീന്ദ്ര നാഥ ടാഗോറിന്റെ 73 -ം ചരമവാർഷിക ദിനമായ ഇന്ന് രാഷ്ട്രം അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു .
ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടാണ് ഓരോ ശിശുവും ഭൂമിയിലെത്തുന്നത് എന്ന് പ്രഖ്യാപിച്ച ടാഗോർ എരിവെയിലിലും പെരുമഴയത്തും പണിചെയ്യുന്നവർക്കൊപ്പമാണ് ദൈവമെന്നും ഉദ്ഘോഷിച്ചു . യഥാർത്ഥ മനുഷ്യ സ്നേഹിയും ‘യത്ര വിശ്വം ഭവത്യേക നീഢം‘ എന്ന ഭാരതീയ പാരമ്പര്യത്തെ മുറുകെ പിടിച്ച് വിശാലമായ രാഷ്ട്ര ചിന്ത പുലർത്തിയ മഹാനുമായിരുന്നു ടാഗോർ . ഗാന്ധിജിക്ക് ‘മഹാത്മാ‘ എന്ന വിശേഷണം നൽകിയതും ടാഗോറാണ് . ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ സമ്മാനിച്ച നൈറ്റ് ഹുഡ് പട്ടം വലിച്ചെറിഞ്ഞ ടാഗോർ മനുഷ്യത്വത്തിനു തന്നെ അപമാനമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു
1861 മെയ് 7 ന് കൊൽക്കത്തയിൽ ദേബേന്ദ്ര നാഥ ടാഗോറിന്റെയും ശാരദാ ദേവിയുടെയും മകനായാണ് ടാഗോർ ജനിച്ചത് . സാഹിത്യത്തിലും രാഷ്ട്ര സേവനത്തിലും തത്പരരായിരുന്നു ടാഗോർ കുടുംബം . ബംഗാളിലെ നവോത്ഥാന കാലഘട്ടം ടാഗോറിനെയും കാര്യമായി സ്പർശിച്ചിരുന്നു . 8-ം വയസ്സിലാണ് ആദ്യ കവിത പുറത്തുവരുന്നത് . പതിനാറാം വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാ നാമത്തിൽ കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു . പിന്നീട് , മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ , അൻപത് നാടകങ്ങൾ , രണ്ടായിരത്തോളം ഗാനങ്ങൾ , തത്വചിന്താപരമായ ലേഖനങ്ങൾ , എട്ടോളം നോവലുകൾ തുടങ്ങി വിശാലമായ സാഹിത്യസഞ്ചയം തന്നെ ടാഗോർ സൃഷ്ടിച്ചു . സംഗീതത്തിൽ ‘രബീന്ദ്ര സംഗീതം‘ എന്ന സവിശേഷ ശൈലി വാർത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .അതിരുകളില്ലാത്ത ലോകദർശനം സാദ്ധ്യമാക്കുക എന്ന ആർഷ സംസ്കാരം നടപ്പിൽ വരുത്താൻ ആഗ്രഹിച്ച് വിശ്വഭാരതി എന്ന സർവകലാശാല അദ്ദേഹം ശാന്തിനികേതനിൽ സ്ഥാപിച്ചു .
ടാഗോറിന്റെ കൃതികൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . ലോക പ്രശസ്തരായ പല ചിന്തകന്മാരും എഴുത്തുകാരും ടാഗോർ കൃതികളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് .അവസാന നാളുകളിൽ രോഗശയ്യയിലായിരുന്ന അദ്ദേഹം 1941 ഓഗസ്റ്റ് 7നു ലോകത്തോട് വിടവാങ്ങി
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചിന്താശകലം ഉദ്ധരിച്ചു കൊണ്ട് വിശാലമായ മാനുഷിക ചിന്തയും രാഷ്ട്രബോധവും പ്രകടിപ്പിച്ച ദേശീയ ഗാനത്തിന്റെ കവിക്ക് ജനം ടി വി പ്രണാമമർപ്പിക്കുന്നു
"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക“

Wednesday, August 6, 2014

ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയ്

1945 ഓഗസ്റ്റ് 6 ലോകം മറക്കാനാഗ്രഹിക്കുന്ന ദിനം . രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ട് ശക്തികളിലെ പ്രധാന രാജ്യമായിരുന്ന ജപ്പാനെ തകർക്കാൻ അമേരിക്ക ഉപയോഗിച്ച അണു ബോംബ് ആയിരുന്നു ‘ലിറ്റിൽ ബോയ് ‘ ഹിരോഷിമയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ആണവായുധം പ്രത്യക്ഷമായി കവർന്നത് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് . അണുവികിരണമേറ്റ് പിന്നീട് മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം അതിലുമധികമാണ് .
ചാരത്തിൽ നിന്നും ഉയർന്നു പൊന്തുന്ന ഫീനിക്സ് പക്ഷിയേപ്പോലെ ഹിരോഷിമയും ദുരന്തത്തെ അതിജീവിച്ചു .ദുരന്തം നടന്ന് നാലു വർഷത്തിനുള്ളിൽ തന്നെ ഹിരോഷിമയിൽ സർവ്വകലാശാല സ്ഥാപിച്ചാണ് ജപ്പാൻ കാർ തങ്ങളുടെ ഉയിർത്തെഴുനേൽ‌പ്പിന്റെ വീര്യം ലോകത്തിനു മുന്നിൽ പ്രകടിപ്പിച്ചത്. ഇന്ന് ഏറ്റവും മികച്ച ഗതാഗത സൌകര്യമുൾപ്പെടെ ആധുനിക സംവിധാനങ്ങളെല്ലാമുള്ള നഗരമാണ് ഹിരോഷിമ .
ഹിരോഷിമാ ദിനമായ ഇന്ന് ആയിരക്കണക്കിനു ജനങ്ങൾ ഹിരോഷിമാ നഗരത്തിലെ സമാധാന പാർക്കിൽ ഒത്തുകൂടി ദുരന്തത്തിൽ മരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും .

Monday, August 4, 2014

അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന് ഇന്ന് 85)o ജന്മദിനം.

ഹിന്ദി ചലച്ചിത്ര ഗാന രംഗത്തെ അനശ്വര ഗായകന്‍ കിഷോര്‍ കുമാറിന് ഇന്ന് 85)o ജന്മദിനം. മണ്‍മറഞ്ഞ് പോയെങ്കിലും സംഗീത പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്നും കിഷോര്‍ കുമാര്‍ . മധ്യപ്രദേശിലെ ഖണ്ഡ്‌വയില്‍ 1929 ആഗസ്ത് 4 ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാര്‍ എന്ന പേരില്‍ ബോളിവുഡില്‍ എത്തുന്നത്. 1940 കളുടെ അവസാന കാലമായിരുന്നു അത്.കിഷോറിന്റെ മൂത്ത സഹോദരനായ അശോക് കുമാര്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയവും.. അറിയപ്പെടുന്ന ഒരു ഗായകനാവണം എന്നായിരുന്നു അന്നും കിഷോറിന്റെ ആഗ്രഹം. അശോക് കുമാറിന്റെ സ്വാധീനംകൊണ്ട് കിഷോറിന് ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അവയില്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു. എങ്കിലും അദ്ദേഹം പിന്‍മാറിയില്ല. കാരണം ആ സിനിമകളിലൊക്കെ പാടാന്‍ അവസരം ലഭിച്ചിരുന്നു.കിഷോറിനെ അതിപ്രശസ്തനാക്കിയ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചത് ആര്‍.ഡി. ബര്‍മനായിരുന്നു. മേരെ സപ്‌നോം കി റാണി, രൂപ് തേരാ മസ്താന തുടങ്ങിയ ഗാനങ്ങളാണു കിഷോറിനെ ബോളിവുഡിന്റെ ഗായകനായി പ്രതിഷ്ടിച്ചത് . രൂപ് തേരായുടെ ആലാപനത്തിന് ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. അയോധ്യ എന്ന ചിത്രത്തില്‍ പ്രേംനസീര്‍ പാടി അഭിനയിച്ച എബിസിഡി ചേട്ടന്‍ കേഡി അനിയനു പേടി എന്ന ഗാനം കിഷോര്‍ കുമാറാണ് ആലപിച്ചത്.. മലയാളത്തില്‍ കിഷോര്‍ പാടിയ ഏകഗാനം ഇതാണ്. സകലകലാ വല്ലഭന്‍ എന്ന വിശേഷണത്തിനപ്പുറത്തേക്ക് വളര്‍ന്ന മഹാനായിരുന്നു കിഷോര്‍ കുമാര്‍.. ബോളിവുഡിലെ സമകാലികരായ മറ്റ് പിന്നണിഗായകരില്‍നിന്നും കിഷോര്‍ കുമാറിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം സിനിമയുടെ എല്ലാതലങ്ങളിലും തന്‍റെ സാന്നിധ്യമറിയിച്ചു എന്നതിനാലാണ്. ഗായകന് പുറമേ അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ രംഗങ്ങളിലും അദ്ദേഹം ശ്രദ്ധേയനായി. 1987 ഒക്ടോബര്‍ 13 ന് 58)o വയസ്സില്‍ ആ ഗാനസാമ്രാട്ട് ഈ ലോകത്തോട്‌ വിട പറഞ്ഞു.

Sunday, August 3, 2014

കീലേരിയുടെ നാട്ടിലെ സർക്കസ് അക്കാദമി തകർച്ചയുടെ വക്കിൽ

കീലേരിയുടെ നാട്ടിലെ സർക്കസ് അക്കാദമി തകർച്ചയുടെ വക്കിൽ .
തലശ്ശേരി . ഇന്ത്യൻ സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണന്റെ നാട്ടിലെ സർക്കസ് അക്കാദമി തകർച്ചയുടെ വക്കിൽ . രാജ്യത്തെ ഒരേയൊരു സർക്കസ് അക്കാദമിക്കാണ് ഈ ദുരവസ്ഥ . ഒരു അദ്ധ്യാപകൻ മാത്രമുള്ള ഇവിടെ പഠനത്തിനാവശ്യമായ സാധന സാമഗ്രികളോ ആധുനിക സംവിധാനങ്ങളോ ഇല്ല .
2010 ൽ വലിയ പ്രതീക്ഷകളോടെയാണ് അക്കാദമി ആരംഭിച്ചത് . 20 പേരടങ്ങുന്ന ഒരു ബാച്ചിനെ പരിശീലിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം . അന്താരാഷ്ട്ര നിലവാരമുള്ള ഒരു പരിശീന കേന്ദ്രമാക്കി വളർത്തുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു . എന്നാൽ വെറും ഒൻപതു വിദ്യാർത്ഥികളാണ് ഇപ്പോളിവിടെ ഉള്ളത് . സർക്കസ് അക്കാദമിയിലെ പഠനത്തിന് കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു കുട്ടി പോലും കേരളത്തിൽ നിന്നെത്തിയില്ലെന്ന് അക്കാദമിയുടെ മേധാവിയായ എം . പി വേലായുധൻ പറയുന്നു .
ഇന്ത്യൻ സർക്കസിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന തലശ്ശേരിയിൽ നിന്ന് പ്രശസ്തരായ അനവധി അഭ്യാസികൾ ജന്മമെടുത്തിട്ടുണ്ട് .എന്നാൽ സർക്കസ് മേഖലയിലെ തൊഴിലില്ലായ്മയും ബുദ്ധിമുട്ടുകളുമാണ് കേരളത്തിൽ നിന്നും കുട്ടികൾ വരാത്തതിനു കാരണമെന്ന് കരുതുന്നു . പ്രതിഷേധങ്ങൾക്കിടയിലും അക്കാദമി അടച്ചു പൂട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം .

Saturday, August 2, 2014

വനിതാ സ്ക്വാഷ് ഡബിൾസിൽ ഭാരതത്തിനു സ്വർണം

ഗ്ലാസ്ഗോ : വനിതകളുടെ സ്ക്വാഷ് ഡബിൾസ് ഫൈനലിൽ ജോഷ്ന ചിന്നപ്പ - ദീപിക പള്ളിക്കൽ സഖ്യം വിജയിച്ചു . ഭാരതത്തിന് 14 -ം സ്വർണം . ഇംഗ്ലണ്ടിന്റെ ജെന്നി ഡെങ്കാഫ് - ലോറ മസ്സാരോ സഖ്യത്തെ കീഴടക്കിയാണ് സ്വർണം നേടിയത് . സ്കോർ 11- 6 , 11- 8

2-ം സെറ്റിൽ 1-6 നു പിന്നിൽ നിന്ന ജോഷ്ന - ദീപിക സഖ്യം ശക്തമായ തിരിച്ചു വരവാണ് നടത്തിയത് . കോമൺ വെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭാരതം സ്ക്വാഷിൽ സ്വർണം നേടുന്നത് . 14 സ്വർണമുൾപ്പെടെ 55 മെഡലുകൾ നേടി അഞ്ചാം സ്ഥാനത്താണ് ഭാരതം .

കൗ സർ നാഗിലെ വെല്ലുവിളി :ഭാവിയിലേക്കുള്ള ചൂ ണ്ടു പലക

വിദേശ മണ്ണിൽ ഭാരതീ യ ന് പൂ ജയും തീർത്ഥ യാത്രയും നടത്താൻ അനുമതി കിട്ടിയിലെങ്കിൽ അത് തികച്ചും അസ്വഭാവികമാവുന്നില്ല .എന്നാൽ സ്വന്തം മണ്ണിൽ ഒരു തീർത്ഥ യാത്ര നടത്താൻ വിഘടന വാദികളുടെ തിട്ടൂരം വേണമെന്ന് പറഞ്ഞാലോ ?
കൗ സർ നാഗിലേക്കുള്ള തീർത്ഥ യാത്ര കാശ്മീരിലെ ഹിന്ദുക്കളുടെ ആത്മീയ ചരിത്രത്തിലെ പ്രധാന എടുകളിലൊന്നായി രുന്നു .മഞ്ഞണിഞ്ഞ മലമുകളിലുടെ 12000 അടി ഉയരമുള്ള കൗ സർ നാഗ് തടാകത്തിലേക്കുള്ള തീ ർത്ഥ യാത്ര വർഷങ്ങളായി നടന്നു വരികയാണ്‌ .ഇതിനെയാണ് ഇപ്പോൾ പരിസ്ഥിതിയുടെ പേരിൽ കശ്മീരിലെ വിഘടന വാദികളുടെ നേതാവായ സയ്യിദ് അലി ഗീലാനി എതിർക്കുന്നത് .തീർത്ഥാ ടനത്തിനെതിരെ കാശ്മീരിൽ അവർ ബന്ദും അക്രമവും നടത്തി .
കൗ സർ നാഗിലേക്കുള്ള തീർത്ഥാട ന ത്തിന് ആദ്യം അനുമതി നൽകുകയും പിന്നിട് വിഘടന വാദികളുടെ ഭീഷണിയിൽ മുട്ടുമടക്കി അത് റ ദ്ദാ ക്കുകയും ചെയ്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ കൂ റ് ആരോടാണെന്ന് സംശയാതിതമായി തെളിയിക്കണം .തെരഞ്ഞെടുപ്പിൽ തോറ്റാൽ പിന്നെ വിഘടന വാദികളെ പ്രീ ണിപ്പിക്കുക എന്ന നിലപാട് നാഷണൽ കോണ്‍ ഫ്രൻസ് എന്ന പാർട്ടിക്ക് അനുയോജ്യമാകുമെങ്കിലും ഒരു സംസ്ഥാന ഭരണ കക്ഷിക്ക് ഒട്ടും ഭൂ ഷ ണമല്ല
കാശ്മീരിൽ ഒരു ചെറിയ ന്യൂ നപക്ഷo പാക് അനുകുലികളുണ്ടെന്നു ഒരു യാഥാ ർ ത്ഥ്യമാണ് .മതത്തിന്റെ മറവിലാണ് ഇവർ ഒളിച്ചു കഴിയുന്നത്‌ .പലപല വിഷയങ്ങൾ ഉന്നയിച്ച് ഒരു പറ്റം പേരെ തെരുവിലിറക്കിവിടാനും കുഴപ്പങ്ങൾ സൃ ഷ് ടിക്കാനും വിഘടന വാദികൾ ക്ക് കഴിയാറുണ്ട് .എന്നാൽ രാജ്യ ദ്രോഹികളെ അടിച്ചമർ ത്തേണ്ട സംസ്ഥാന ഭരണ കൂ ടം അവരെ വെള്ള പൂ ശുന്നത് ഒട്ടും അം ഗികരിക്കാൻ നാവില്ല .തോക്കിന്റെ ഭാഷ മാത്രം മനസ്സിലാവുന്നവർക്ക് അതും കൂ ടെ കൃ ത്യമായി പഠിപ്പിച്ചു കൊടുക്കുന്നതിൽ ഭരണകുടം അമാന്തം കാണിക്കരുത് .
കാശ്മീരിലെ മുസ്ലിം മനസ്സിനെ കുറിച്ചാണ് ജമ്മു കാശ്മീർ സർവകലാശാല യിലെ ഒരു വനിതാ പ്രൊഫസർ ക്ക് പറയാനുള്ളത് .ഹിന്ദുക്കളുടെ തീർത്ഥ യാത്ര കാശ്മീരിലെ മുസ്ലിം മനസ്സിനെ അസ്വസ്ഥ മാ ക്കുമത്രേ ,പരിസ്ഥിതിയുടെ പേരിൽ കൌ സർ നാഗ് യാത്രയെ എതിർത്ത ജിലാനിയും സംഘവും വൈഷ്ണോ ദേവി \യാത്ര വെട്ടിച്ചുരുക്കണമെന്നും ആവശ്യ പ്പെട്ടു കഴിഞ്ഞു .ഇനി നാഗാലാന്റിലെ കൃ സ്ത്യൻ മനസ്സും പരിഗണി ക്കേണ്ടി വരില്ലേ. കേരളത്തിലെ ന്യൂ നപക്ഷ മനസിന്റെ കണക്കിലെടുത്തു ശബരിമല തീർത്ഥാ ടനവും പരിസ്ഥിതിയുടെ പേരു പറഞ്ഞ് തടയുമല്ലോ ?
മതത്തിന്റെ പേരിൽ പിറന്ന മണ്ണിന്റെ ഇരു കൈകൾ വെട്ടി മുറിച്ച അനുഭവമാണ്‌ നമുക്കുള്ളത് .നൈജിരിയയും ഇറാക്കും ഗാസയുമുൾപ്പെടെയുള്ള അന്താരാ ഷ് ട്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാശ്മീരിൽ ഉയരുന്ന കൈകളെ ദേശീയ വാദികൾ ഗൗ രവത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു .

Friday, August 1, 2014

ഫ്രീയായി ഇന്റര്‍നെറ്റ് കൊടുക്കുന്ന പദ്ധതിക്ക് ഫേസ്ബുക്ക് തുടക്കമിട്ടു

ന്യൂയോര്‍ക്ക്: ലോകത്തില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കുവാനുള്ള ഫേസ്ബുക്ക് പദ്ധതിക്ക് തുടക്കമായി. നേരത്തെ തന്നെ ഫേസ്ബുക്ക് പ്രഖ്യാപിച്ച പദ്ധതിയാണ് Internet.org എന്ന പദ്ധതി. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സാംബിയിലാണ് Internet.org തുടങ്ങിയിരിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍, ലേസര്‍, കൃത്രിമോപഗ്രഹങ്ങള്‍ എന്നീവ ഉപയോഗിച്ചുള്ള ബൃഹത്ത് പദ്ധതിയുടെ ആദ്യഘട്ടമാണ്. സാംബിയയില്‍ മൊബൈല്‍ ഓപ്പറേഷന്‍ നടത്തുന്ന ഏയര്‍ടെല്ലില്‍ കൂടി ഉപയോക്തക്കള്‍ക്ക് എത്തുന്നത്.

ലളിതമായ Internet.org എന്ന ആപ്ലികേഷനാണ് ഇത്. അതില്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില ആപ്ലികേഷനുകളുടെ കൂട്ടമാണ് Internet.org ന് ഉള്ളിലുള്ളത്. കാലവസ്ഥ അറിയാന്‍, വിക്കീപിഡിയ, ഫേസ്ബുക്ക് എന്നിങ്ങനെ ഈ ആപ്ലികേഷനുകള്‍ Internet.org യില്‍ സൗജന്യമായി ഉപയോഗിക്കാം. ഇതിന് ഡാറ്റ ചാര്‍ജ് ഉണ്ടാകില്ല. എന്നാല്‍ ഈ സംവിധാനത്തില്‍ ഇ-മെയില്‍ ലഭ്യമാകില്ല.

മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമാണ് സാംബിയ. ഇവിടുത്തെ Internet.org യുടെ വിജയം പദ്ധതിയുടെ ഭാവി തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ പറയുന്നത്. ലോകത്തിലെ 7 ബില്യണ്‍ ജനങ്ങള്‍ക്ക് സൌജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കുവനാണ് ഫേസ്ബുക്ക് Internet.org എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.