Followers

Friday, August 15, 2014

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം:ആദ്യ മത്സരം കൊച്ചിയില്‍.

കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് കൊച്ചിയില്‍ നടക്കും‍. ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേലാണ് പരമ്പരയിലെ മത്സരക്രമം അറിയിച്ചത്. അഞ്ച് ഏകദിനങ്ങളും ഒരു 20 ട്വന്‍റി മത്സരവും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പരയിലുള്ളത്.
.ഏകദിനത്തിലെ രണ്ടാം മത്സരം ഒക്ടോബര്‍ 11ന് വിശാഖപട്ടണത്തും, 14ന് കട്ടക്കിലും, 17ന് കോല്‍ക്കത്തയിലും , 20ന് ധര്‍മശാലയിലും നടക്കും. പരമ്പരയിലെ ഏക 20 ട്വന്‍റി മത്സരം ഒക്ടോബര്‍ 22ന് ദല്‍ഹിയില്‍ നടക്കും.
ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ മൂന്നു വരെ ഹൈദരാബാദിലാണ്. രണ്ടാം ടെസ്റ്റ്‌ നവംബര്‍ മൂന്ന് മുതല്‍ 11 വരെ ബംഗളുരുവിലും മൂന്നാം ടെസ്റ്റ് നവംബര്‍ 15 മുതല്‍ 19 വരെ അഹമ്മദാബാദിലും നടക്കും.

Wednesday, August 13, 2014

ഇന്ത്യന്‍ വംശജര്‍ക്ക് ഗണിത ശാസ്ത്രത്തില്‍ ലോക അംഗീകാരം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരായ രണ്ട് പേര്‍ക്ക് ഗണിത ശാസ്ത്രത്തില്‍ ലോക അംഗീകാരം.ഗണിത ശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ് മെഡലിന് മഞ്ജുള്‍ ഭാര്‍ഗവയെ തിരഞ്ഞെടുത്തപ്പോള്‍ റോള്‍ഫ് നോവാന്‍ലിന്ന പുരസ്ക്കാരത്തിന് സുഭാഷ്‌ ഖോട്ട് അര്‍ഹനായി. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് യൂണിയനാണ് പുരസ്കാരം നല്‍കുന്നത്. പ്രിന്‍സ്ട്ടണ്‍ സര്‍വകലാശാലയില്‍ ഗണിത ശാസ്ത്രഞ്ജനാണ് മഞ്ജുള്‍ ഭാര്‍ഗവ.മഞ്ജുള്‍ ഭാര്‍ഗവയടക്കം നാലു പേരാണ് ഫീല്‍ഡ് അവാര്‍ഡിന് ഇത്തവണ അര്‍ഹരായത്. ജ്യാമിതിയ അക്കങ്ങളിലെ പുതിയ സമവാക്യങ്ങളുടെ കണ്ടെത്തലാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ വംശജന് ഫീല്‍ഡ് പുരസ്കാരം ലഭിക്കുന്നത്. ഇറാനിയന്‍ ഗണിത ശാസ്ത്രയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയുമായ മറിയം മിര്‍സാകാനി,ബ്രസീലില്‍ നിന്നുള്ള അര്‍തര്‍ അവീല,ഓസ്ട്രിയയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഹാരിയര്‍,എന്നിവരും ഫീല്‍ഡ് പുരസ്‌കാരം സ്വന്തമാക്കി.. 78 വര്‍ഷത്തെ ഫീല്‍ഡ് മെഡലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പുരസ്‌കാരം നേടുന്നത്. നാലു വര്‍ഷം കൂടുമ്പോഴാണ് 40 വയസ്സില്‍ താഴെയുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്ക് അവാര്‍ഡ് നല്‍കാറുള്ളത്. സോളില്‍ നടന്ന അന്താരാഷട്ര ഗണിതശാസ്ത്ര യൂണിയന്റെ സമ്മേളനത്തില്‍ വെച്ചാണ് ഇത്തവണ ജേതാക്കളെ പ്രഖ്യാപിച്ചത്.

Tuesday, August 12, 2014

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രംസാരാഭായിയാണ്

ലോകപ്രശസ്തനായഇന്ത്യൻ ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് ജനിച്ചത് 1919 ൽ ഇതേ ദിവസമാണ്. വിക്രംസാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്. തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പിയാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥമാണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തത്. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ്. മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. 1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.പത്മഭൂഷണും മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

Monday, August 11, 2014

ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ ജോസ് ജേക്കബിന്

ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്‌കാരം മലയാളിയായ ജോസ് ജേക്കബിന്. സായിയിലെ പരിശീലകനായ ജോസ് ജേക്കബ്‌ ഒഡീഷ റോവിംഗ് കോച്ചാണ്.കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.കേന്ദ്ര കായിക മന്ത്രാലയം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. വിവിധ ദേശീയ മത്സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും നേടിയിട്ടുള്ള ജോസ് ജേക്കബ്‌ ,പല തവണ റോവിംഗ് ഫെഡറേഷന്‍റെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . റോവിംഗ് പരിശീലനത്തിടെ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ജോസ് ജേക്കബ്‌ പിന്നീട് നടന്ന ഒരു ദേശീയ മത്സരത്തില്‍ കൂടി സ്വര്‍ണ്ണം നേടിയിരുന്നു.

Sunday, August 10, 2014

1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്

1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്. തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു ഇത്. മാർത്താണ്ഡ വർമ്മയെ ആക്രമിക്കാൻ കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം ഡച്ച് പടയാളികളെത്തി. മാർത്താണ്ഡവർമ്മ സേനയുമായി ഇവരെ നേരിട്ടു. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ഡച്ചു കപ്പിത്താൻ ഡെ ലനോയ് ഉൾപ്പെടെയുള്ള ഡച്ച് പടയാളികൾ പിടിയിലായി. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് യുദ്ധം വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു

Saturday, August 9, 2014

നാഗസാക്കി അണുബോംബ് ആക്രമണത്തിന് 69 വയസ്

ടോക്കിയോ: നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചിട്ട് ഇന്ന് 69 വർഷം തികഞ്ഞു. 1945 ആഗസ്റ്റ് 9ന് രാവിലെ 11 മണിയോടെയാണ് നാഗസാക്കിയിൽ അണുബോംബ് പൊട്ടിത്തെറിച്ചത്. 70,​000ത്തോളം പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. സ്ഫോടനത്തിന്രെ അനന്തരഫലമായി പിന്നീടും നിരവധിപേർ മരിച്ചു വീണു. ഹിരോഷിമയിൽ ലോക ചരിത്രത്തിലാദ്യമായി അണുബോംബ് സ്ഫോടനം നടന്ന് 140000 പേർ ദാരുണമായി കൊല്ലപ്പെട്ട് മൂന്നു ദിവസത്തിന് ശേഷമാണ് നാഗസാക്കിയിൽ ദുരന്തമുണ്ടായത്.